ഒറിയോൺ; വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ ഹബ്
text_fieldsകായംകുളം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിഷയത്തിൽ മുൻ എസ്.എഫ്.ഐ നേതാക്കൾ പിടിയിലായതോടെ കേസിെൻറ ഗതി എന്താകുമെന്ന ആകാംക്ഷയുമായി ജനം. സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ ഒരേസമയം കേന്ദ്രീകരിച്ച രണ്ട് നേതാക്കൾ തട്ടിപ്പിൽ പിടിയിലായതോടെ രാഷ്ട്രീയ അട്ടിമറിയുണ്ടാകുമോയെന്നതാണ് ചർച്ച. പ്രതികളിലൊരാൾ സി.പി.എം നേതാവിെൻറ മകനാണെന്നതും കേസിനെ ബാധിക്കുമോയെന്ന ചോദ്യം ഉയർത്തുന്നു.
എസ്.എഫ്.ഐ മുൻ ഏരിയ പ്രസിഡന്റും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന അബിൻ സി.രാജും ഏരിയ പ്രസിഡന്റും ജില്ല കമ്മിറ്റി അംഗവുമായിരുന്ന നിഖിൽ തോമസുമാണ് പിടിയിലായത്. ഇവരോടൊപ്പം പ്രവർത്തിച്ചിരുന്ന പലർക്കും ഈ തട്ടിപ്പിൽ ബന്ധമുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. ശരിയായ നിലയിൽ കേസ് മുന്നോട്ടുപോയാൽ ഇനിയും നേതാക്കൾ കുടുങ്ങുമെന്ന സൂചനയുമുണ്ട്.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിരുന്നുവെന്നതിനുള്ള നിരവധി സാഹചര്യത്തെളിവുകളാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ളത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥിയായിരിക്കെയാണ് അബിൻ വ്യാജ സർട്ടിഫിക്കറ്റ് ലോബിയുടെ ഭാഗമാകുന്നത്. പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമുമായിരുന്നു അന്നത്തെ സംഘടന സഹപ്രവർത്തകർ.
തിരുവനന്തപുരത്തുള്ള ഒറിയോൺ എന്ന സ്ഥാപനവുമായുള്ള സൗഹൃദമാണ് ഇതിന് കാരണമാകുന്നത്. ഇവരുടെ എറണാകുളത്തുള്ള ശാഖയിൽനിന്നാണ് നിഖിലിനായി സർട്ടിഫിക്കറ്റുകൾ തയാറാക്കിയതെന്ന് അബിൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, തിരുവനന്തപുരം ബന്ധമടക്കമുള്ളവ അന്വേഷിച്ചാൽ മാത്രമേ ശരിയായ ഉറവിടത്തിലേക്ക് എത്താൻ കഴിയൂവെന്നാണ് സൂചന. ‘ഒറിയോൺ’ വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ പ്രധാന ഹബ്ബായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
വിദേശത്തേക്ക് വിദ്യാർഥികളെ അയക്കുന്നതിനുള്ള ഇടനില പ്രവർത്തനത്തിെൻറ മറവിലാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. വിദ്യാർഥികൾക്ക് ആവശ്യമായ രേഖകളും ഇത്തരത്തിൽ വ്യാജമായി ചമച്ചിരുന്നതായി പൊലീസ് സംശയം പ്രകടിപ്പിക്കുന്നു. സ്ഥാപന നടത്തിപ്പുകാരെ കിട്ടിയാൽ മാത്രമേ വ്യക്തത വരുത്താനാവുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് റാക്കറ്റിലെ പ്രധാന കണ്ണി അബിൻ സി.രാജാണെന്ന് മനസ്സിലായ നിമിഷം മുതൽ പൊലീസ് ഇയാൾക്കായി വലവിരിച്ചിരുന്നു. ഒളിവിൽപോയ നിഖിലിനായി തിരച്ചിൽ നടത്തുന്നതിനൊപ്പം മാലിയിലുള്ള അബിനെ നാട്ടിലെത്തിക്കാനുള്ള സാധ്യതകളും തേടിയിരുന്നു. സി.പി.എം നേതാവായ പിതാവിൽ ഇതിനായി വലിയ സമ്മർദമാണ് നടത്തിയത്. സർക്കാർ തലത്തിലുള്ള പേപ്പറുകൾ എംബസി മുഖാന്തരം മാലിയിലേക്ക് എത്തിയപ്പോൾ തന്നെ കീഴടങ്ങാനുള്ള സന്നദ്ധത ഇയാൾ പൊലീസിനെ അറിയിച്ചു. ഇതാണ് റെഡ് കോർണർ നടപടി ഒഴിവാകാൻ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.