പാലക്കാട് കഞ്ചാവ് കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ
text_fieldsആലുവ: അന്തർസംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്ന ബസിൽ കഞ്ചാവ് കടത്തിയ കേസിൽ മുഖ്യസൂത്രധാരൻ പിടിയിൽ. ആലുവ ചൂർണിക്കര കുന്നത്തേരി ബംഗ്ലപറമ്പിൽ സലാമാണ് പിടിയിലായത്.
ഇയാൾ എക്സൈസ് പ്രത്യേക സംഘത്തിന് മുൻപിൽ കീഴടങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ 12ന് രാവിലെ സേലം- കന്യാകുമാരി ദേശീയപാതയിൽ പാലക്കാട് പാലന ആശുപത്രിക്ക് സമീപത്താണ് കഞ്ചാവ് പിടികൂടിയത്. കൊൽക്കത്തയിൽ നിന്ന് 50 ഓളം അന്തർ സംസ്ഥാന തൊഴിലാളികളുമായി വന്ന റാവൂസ് ട്രാവൽസ് ടൂറിസ്റ്റ് ബസിലാണ് കഞ്ചാവ് കടത്തിയത്. 70 പാക്കറ്റുകളിലായി കടത്തി കൊണ്ട് വന്ന 150 കിലോയിൽ അധികം കഞ്ചാവ് രണ്ടു ആഡംബര കാറുകളിൽ മാറ്റി കയറ്റി കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടയിൽ രഹസ്യ വിവരം അനുസരിച്ചെത്തിയ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. വാഹനങ്ങളിൽ ഉണ്ടായിരുന്ന ആലുവ സ്വദേശികളായ സഞ്ജയ്, നിതീഷ് കുമാർ, ഫാരിസ് മാഹിൻ, അജീഷ്, സുരേന്ദ്രൻ എന്നിവരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ സലാമിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നു.
ഇതോടെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെൻറ് സ്‌ക്വാഡ് അംഗങ്ങൾ ഇയാൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. പരിശോധന തുടരുന്നതിനിടയിൽ ചൊവ്വാഴ്ച്ച സലാം ആലുവ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മുൻപാകെ കീഴടങ്ങുകയായിരുന്നു. തുടർ നടപടികൾക്കായി സലാമിനെ പാലക്കാട് അസി. എക്സൈസ് കമ്മീഷണർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.