ഭീതിയിൽ പാലക്കാട്: വർഷങ്ങളായി എലപ്പുള്ളിയിൽ ആർ.എസ്.എസ്-പോപുലർ ഫ്രണ്ട് സംഘർഷം നിലനിൽക്കുന്നുണ്ട്
text_fieldsപാലക്കാട്: 24 മണിക്കൂറിനുള്ളിൽ 15 കിലോമീറ്റർ ചുറ്റളവിൽ രണ്ടുപേർ കൊലക്കത്തിക്ക് ഇരയായതോടെ പോർവിളിയുടെ ഭീതിയിൽ പാലക്കാട്. നഗരത്തിന് സമീപത്തെ എലപ്പുള്ളി പഞ്ചായത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന സംഘർഷമാണ് സംസ്ഥാനത്തെ നടുക്കിയ കൊലപാതക പരമ്പരയായി പരിണമിച്ചത്. 1992ൽ അന്നത്തെ ബി.ജെ.പി ദേശീയ അധ്യക്ഷൻ മുരളി മനോഹർ ജോഷിയുടെ രഥയാത്രയുമായി ബന്ധപ്പെട്ട സംഘർഷങ്ങളും സിറാജുന്നിസ വെടിവെപ്പും പാലക്കാട്ടെ ജനം ഭീതിയോടെയാണ് ഓർക്കുന്നത്. പതിറ്റാണ്ടുകൾക്കുശേഷമാണ് അന്നത്തെ കലാപത്തിന്റെ മുറിവുകൾ ഉണങ്ങിയത്. വീണ്ടും സംഘർഷത്തിന് തിരികൊളുത്തുമ്പോൾ നഗരം വീണ്ടും അശാന്തിയിലേക്ക് തിരിച്ചുപോകുമോയെന്ന പേടി എല്ലാവരിലുമുണ്ട്.
നാലുവർഷത്തോളമായി എലപ്പുള്ളിയിൽ ആർ.എസ്.എസ്-പോപുലർ ഫ്രണ്ട് സംഘർഷം നിലനിൽക്കുന്നുണ്ട്. ചെറിയ പ്രശ്നങ്ങളുടെ പേരിൽ ഇരുപക്ഷവും പലതവണ ഏറ്റുമുട്ടിയിരുന്നു. ഒരുവർഷം മുമ്പ് പോപുലർ ഫ്രണ്ട് പ്രവർത്തകൻ സക്കീർ ഹുസൈനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ചതോടെയാണ് ഇത് ഗൗരവസ്വഭാവത്തിലേക്ക് വളരുന്നത്. ഇതിന്റെ തുടർച്ചയെന്നോണമാണ് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്ത് (26) കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബർ 15ന് പട്ടാപ്പകൽ ഭാര്യയുടെ മുന്നിൽവെച്ചാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്.
കേസിൽ പിടിയിലായ പ്രതികൾ പോപുലർ ഫ്രണ്ട് പ്രവർത്തകർ ആയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സുബൈറിനെ പിതാവിനുമുന്നിൽവെച്ച് കൊലചെയ്തതും എലപ്പുള്ളിയിലെ സംഘർഷങ്ങളുടെ തുടർച്ചയാണ്. സക്കീർ ഹുസൈൻ വധശ്രമ കേസിലെ പ്രതികളായ മൂന്നുപേർ സുബൈറിനെ വെട്ടിക്കൊല്ലാൻ എത്തിയ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരടക്കം നാല് ആർ.എസ്.എസ് പ്രവർത്തകരെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒളിവിലുള്ള പ്രതി രമേശ് എന്നായാളും ബി.ജെ.പി പ്രവർത്തകനാണ്.
എലപ്പുള്ളി കേന്ദ്രീകരിച്ച് നടന്ന സംഘർഷം ബി.ജെ.പി ശക്തികേന്ദ്രമായ പാലക്കാട് നഗരത്തിലേക്ക് കൂടി വ്യാപിച്ചുവെന്നതാണ് ശനിയാഴ്ചയിലെ കൊലപാതകത്തോടെ സംഭവിച്ചത്. പാലക്കാട് നഗരത്തിലെ ആർ.എസ്.എസിന്റെ ശക്തികേന്ദ്രമായ മേലാമുറിയിലാണ് ആർ.എസ്.എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസൻ പട്ടാപ്പകൽ കൊല്ലപ്പെട്ടത്.
സ്വകാര്യ പണമിടപാട് കേന്ദ്രങ്ങളും ഓട്ടോമൊബൈൽ സ്ഥാപനങ്ങളും പലചരക്ക് സ്ഥാപനങ്ങളും നിറഞ്ഞ ഈ പ്രദേശം ഏറെ തിരക്കുള്ളതാണ്. ഇവിടെനിന്ന് 500 മീറ്ററോളം അകലെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ. ഇവിടെവെച്ചാണ് പാലക്കാട് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന് വെട്ടേൽക്കുന്നത്. ഇതോടെ പൊലീസിന് വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ കേന്ദ്രങ്ങളിൽനിന്ന് ആരോപണമുയർന്നു. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അക്രമ സാധ്യതയുള്ളതായി റിപ്പോർട്ട് നൽകിയിട്ടും ലോക്കൽ പൊലീസ് മതിയായ ജാഗ്രത കാണിച്ചില്ലെന്ന് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.