ഗൾഫ് കറൻസിക്ക് പകരം കടലാസ്; മൂന്നു പേർകൂടി പിടിയിൽ
text_fieldsകണ്ണൂർ: യു.എ.ഇ ദിർഹമെന്ന പേരിൽ പേപ്പർ ചുരട്ടിക്കെട്ടി നൽകി ഒരുകോടിയോളം രൂപ തട്ടിയ സംഘത്തിലെ മൂന്നു പ്രതികൾകൂടി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ എസ്.കെ. ബാദ്ഷാ ഷെയ്ഖ്, അസനൂർ റഹ്മാൻ, അഹമ്മദാബാദ് സ്വദേശി സുബഹാൻ ഖാൻ എന്നിവരെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. എ.സി.പി ടി.കെ. രത്നകുമാറിന്റെ മേൽനോട്ടത്തിൽ എസ്.ഐ പി. ഉണ്ണികൃഷ്ണൻ, എ.പി. ഷാജി, സി.കെ ഖമറുദ്ദീൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽനിന്ന് പിടികൂടിയത്.
കാട്ടാമ്പള്ളിയിലെ വ്യാപാരിയിൽ നിന്ന് ഇന്ത്യൻ രൂപക്ക് പകരം യു.എ.ഇ ദിർഹം നൽകാമെന്ന് വിശ്വസിപ്പിച്ച് ഏഴു ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. സംഘത്തിലെ പ്രധാനിയായ പശ്ചിമ ബംഗാൾ നോര്‍ത്ത് 24 ഫര്‍ഗാന ജില്ലക്കാരനായ ആഷിഖ് ഖാൻ കഴിഞ്ഞ മാസം പിടിയിലായിരുന്നു. തളിപ്പറമ്പിൽ നിന്ന് 7.35 ലക്ഷം രൂപയടക്കം ഒട്ടേറെ സ്ഥലങ്ങളിൽ നിന്ന് കോടി രൂപയോളം ഇങ്ങനെ തട്ടിയിട്ടുണ്ട്. പുവ്വംകൂവേരിയിലെ പുന്നക്കന്‍ വീട്ടില്‍ ബഷീറിൽ നിന്നാണ് തളിപ്പറമ്പിൽ പണം തട്ടിയത്.
ഷൊർണൂരിൽ സമാന തട്ടിപ്പ് നടത്തുന്നതിനിടെയാണ് ആഷിഖ് ഖാൻ വലയിലായത്. പിടിയിലാവുമ്പോൾ ഇയാളുടെ കൈയിൽ ഗൾഫ് കറൻസിയെന്ന വ്യാജേന നൽകാനുള്ള പേപ്പർ പൊതിയുണ്ടായിരുന്നു. അന്ന് ഓടി രക്ഷപ്പെട്ട നാലുപേരിൽ മൂന്നുപേരാണ് ഇന്നലെ പിടിയിലായത്. കച്ചവടക്കാരും മറ്റുമായി സൗഹൃദമുണ്ടാക്കി രണ്ടുമൂന്നു തവണ യഥാർഥ ഗൾഫ് കറൻസി മൂല്യത്തിലും കുറച്ചു നൽകി വിശ്വാസമാർജിച്ച ശേഷം വലിയ തുക നൽകാമെന്ന് പറഞ്ഞ് പണം വാങ്ങുകയും പകരം കറൻസിക്ക് പകരം കടലാസ് കെട്ട് നൽകി സ്ഥലം വിടുകയുമാണ് ഇവരുടെ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.