പാപ്പച്ചൻ കൊലക്കേസ്; തെളിവെടുപ്പ് പൂർത്തിയായി
text_fieldsകൊല്ലം: നിക്ഷേപം നടത്താനെന്ന പേരിൽ വാങ്ങിയെടുത്ത വൻ തുക തട്ടിച്ചശേഷം ഇരയായ വയോധികനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഉപയോഗിച്ചുള്ള തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ്. ബി.എസ്.എൻ.എൽ മുൻ ഉദ്യോഗസ്ഥൻ സി. പാപ്പച്ചനെ (82) കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ കസ്റ്റഡിയിൽവെച്ചുള്ള തെളിവെടുപ്പ് പൂർത്തിയായത്. ഇതോടെ ഒന്ന് മുതൽ നാലുവരെ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് കൈമാറി.
പോളയത്തോട് എഫ്.എഫ്.ആർ.എ 12 അനിമോൻ മൻസിലിൽ അനിമോൻ (44), കടപ്പാക്കട ശങ്കേഴ്സ് ആശുപത്രിക്ക് സമീപം ശാസ്ത്രി നഗറിൽ വയലിൽ പുത്തൻവീട്ടിൽ മാഹിൻ (47), കൊല്ലം ഓലയിൽ മുത്തൂറ്റ് മിനി നിധി ലിമിറ്റഡ് മാനേജർ തേവള്ളി കാവിൽ ഹൗസിൽ വാടകക്ക് താമസിക്കുന്ന സരിത (45), കൊല്ലം ഓലയിൽ മുത്തൂറ്റ് മിനി നിധി ലിമിറ്റഡ് എക്സിക്യൂട്ടിവ് മരുത്തടി വാസുപ്പിള്ള ജങ്ഷനിൽ കെ.പി. അനൂപ് (37) എന്നിവരെ ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-3 വീണ്ടും റിമാൻഡ് ചെയ്തു. കേസിൽ തെളിവെടുപ്പും രേഖകൾ ശേഖരിക്കലും വിവിധ പരിശോധനകളും പൂർത്തിയായതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ എൽ. അനിൽകുമാർ വ്യക്തമാക്കി.
12 ദിവസമാണ് നാല് പ്രതികളെ കൊല്ലം ഈസ്റ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയിൽ വെച്ചിരുന്നത്. ആദ്യം എട്ട് ദിവസത്തേക്ക്ക്കായിരുന്നു ഇവരെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചത്. തെളിവെടുപ്പ് പൂർത്തിയാകാത്തതിനാൽ നാല് ദിവസം കൂട്ടി നീട്ടി വാങ്ങി.
അഞ്ചാം പ്രതിയായ പോളയത്തോട് ശാന്തി നഗർ കോളനിയിൽ സൽമ മൻസിലിൽ ഹാഷിഫിനെ (27) അഞ്ച് ദിവസത്തെ കസ്റ്റഡിക്ക് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ നേരത്തെ കൈമാറിയിരുന്നു. ഇയാൾ ജില്ല ജയിലിലാണ്. ഇവിടേക്കാണ് അനിമോൻ, മാഹിൻ, അനൂപ് എന്നിവരെയും മാറ്റിയത്. മൂന്നാം പ്രതി സരിതയെ കൊട്ടാരക്കര വനിത ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
മേയ് 23ന് ആശ്രാമത്ത് പ്രതികൾ പാപ്പച്ചനെ കാറിടിച്ച് ഇട്ട സ്ഥലം, മിനി മുത്തൂറ്റ് നിധി ലിമിറ്റഡ് ഓലയിൽ ശാഖ, ഗൂഢാലോചന നടത്തിയ ബാർ, പണം കൈമാറിയ ബീച്ച് ഉൾപ്പെടെ വിവിധയിടങ്ങളിലാണ് ജില്ലയിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.
എറണാകുളത്തും തിരുവനന്തപുരത്തും ഉൾപ്പെടെ കേസിന്റെ ഭാഗമായി തെളിവെടുപ്പ് നടത്തിയിരുന്നു. തിരുവനന്തപുരത്ത് സരിതയുടെ ബന്ധുവീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തിരുന്നു. ഇത് സൈബർ സെൽ പരിശോധിച്ചുവരികയാണ്.
നിർണായക വിവരങ്ങൾ ഇവയിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. മറ്റ് പ്രതികളുടെയെല്ലാം ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. കൊലപാതകം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇവർ പ്രത്യേകം സിം ഉപയോഗിച്ചിരുന്നതായാണ് വിവരം. മുത്തൂറ്റ് മിനി നിധി ലിമിറ്റഡിൽ 36 ലക്ഷം നിക്ഷേപിച്ച പാപ്പച്ചന്റെ അക്കൗണ്ട് വെച്ച് 25 ലക്ഷം രൂപയാണ് പ്രതികൾ ആദ്യം വായ്പയായി തട്ടിച്ചത്. പിന്നീട് ഇവിടെ നിക്ഷേപിക്കാമെന്ന് ഉറപ്പുനൽകി, മറ്റ് ബാങ്കുകളിൽ പാപ്പച്ചന് ഉണ്ടായിരുന്ന നിക്ഷേപങ്ങൾ ഇവർ കൈക്കലാക്കി. ഇത്തരത്തിൽ 55 ലക്ഷം രൂപയോളമാണ് തട്ടിയതെന്നാണ് വിവരം.
വായ്പയായി എടുത്ത് തട്ടിച്ച തുക സരിത ബാങ്കിൽ തിരിച്ചടച്ചിരുന്നു. പാപ്പച്ചനെ കൂടാതെ ഇടപാടുകൾ ഇല്ലാതെകിടന്ന മറ്റ് ഏഴ് അക്കൗണ്ടുകളിൽനിന്നും പണം തട്ടിയിരുന്നു.
പാപ്പച്ചൻ നിക്ഷേപത്തിന് പലിശ കിട്ടാത്തത് ചോദ്യം ചെയ്ത് തുടങ്ങിയതോടെയാണ് അദ്ദേഹത്തെ വകവരുത്തിയത്. പിതാവിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംശയമുന്നയിച്ച് മകൾ റെയ്ച്ചൽ പരാതി നൽകിയതോടെയാണ് നടന്ന അന്വേഷണത്തിലാണ് അപകടമരണമെന്ന് കരുതിയ കേസ് കൊലപാതമായി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.