പാപ്പച്ചൻ കൊലക്കേസ്; ഇന്ന് കുറ്റപത്രം സമർപ്പിക്കും
text_fieldsകൊല്ലം: ബി.എസ്.എൻ.എൽ മുൻ ജീവനക്കാരനായ ആശ്രാമം കൈരളി നഗർ കുളിർമയിൽ സി. പാപ്പച്ചനെ (82) സാമ്പത്തിക തട്ടിപ്പിനിരയാക്കിയ ശേഷം കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും.
കേസിൽ പ്രതികൾ പിടിയിലായി 90 ദിവസം പൂർത്തിയാകുന്ന ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഇതോടെ നിലവിൽ ജയിലിലുള്ള നാല് പ്രതികളും കസ്റ്റഡിയിൽ തുടർന്ന് തന്നെ വിചാരണ നേരിടുമെന്നും പൊലീസ് ഉറപ്പാക്കി. കഴിഞ്ഞ മേയ് 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശ്രാമത്ത് വെച്ച് സൈക്കിളിൽ സഞ്ചരിച്ച പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം അപകടമരണമെന്ന് കരുതിയത് കൊല്ലം ഈസ്റ്റ് പൊലീസിന്റെ അന്വേഷണത്തിൽ ക്വട്ടേഷൻ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് പാപ്പച്ചന്റെ മകൾക്ക് സംശയം തോന്നി പൊലീസിൽ പരാതി നൽകിയതാണ് കേസിൽ വഴിത്തിരിവായത്. ആഗസ്റ്റ് എട്ടിനാണ് പ്രതികളെ ഈസ്റ്റ് എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ്ചെയ്തത്.
ക്വട്ടേഷൻ ഏറ്റെടുത്ത കൊല്ലം പോളയത്തോട് അനിമോൻ മൻസിലിൽ അനിമോൻ (44), സഹായി കടപ്പാക്കട ശങ്കേഴ്സ് ആശുപത്രിക്ക് സമീപം ശാസ്ത്രി നഗറിൽ വയലിൽ പുത്തൻവീട്ടിൽ മാഹിൻ (47), ക്വട്ടേഷൻ നൽകിയ കൊല്ലം ഓലയിൽ മുത്തൂറ്റ് മിനി നിധി ലിമിറ്റഡ് മാനേജറായിരുന്ന സരിത (45), മുത്തൂറ്റ് മിനി നിധി ലിമിറ്റഡ് എക്സിക്യൂട്ടിവായിരുന്ന മരുത്തടി വാസുപ്പിള്ള ജങ്ഷനിൽ കെ.പി. അനൂപ് (37), കാർ നൽകിയ പോളയത്തോട് ശാന്തി നഗർ കോളനിയിൽ സൽമ മൻസിലിൽ ഹാഷിഫ് (27) എന്നിവരാണ് കേസിൽ ഒന്ന് മുതൽ അഞ്ച് വരെ പ്രതികളായി അറസ്റ്റിലായത്. ഇതിൽ ഹാഷിഫ് ഒഴികെ ബാക്കിയെല്ലാവരും നിലവിൽ ജയിലിലാണ്.
തിങ്കളാഴ്ചയും രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാംപ്രതി അനിമോന്റെയും രണ്ടാംപ്രതി മാഹിന്റെയും ജാമ്യാപേക്ഷയാണ് തള്ളിയത്. സരിതയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
നാലാംപ്രതി കെ.പി. അനൂപിനെ പൊലീസ് മാപ്പുസാക്ഷിയാക്കി. ഇതിനുള്ള നടപടി പൂർത്തിയായി. മജിസ്ട്രേറ്റിന് മുന്നിൽ ഇയാളുടെ മൊഴിയും രേഖപ്പെടുത്തി. അഞ്ചാം പ്രതി ഹാഷിഫിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. നിക്ഷേപത്തിന് തുക സ്വീകരിച്ച് 50 ലക്ഷത്തോളം രൂപ പാപ്പച്ചനിൽനിന്ന് സരിതയും കെ.പി. അനൂപും ചേർന്ന് തട്ടിയെടുക്കുകയും സംശയം തോന്നി പാപ്പച്ചൻ ചോദ്യമുന്നയിച്ചതിനെ തുടർന്ന് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.
അപകടം നടന്ന ആശ്രാമത്തെ സി.സി.ടി. വി ദൃശ്യങ്ങൾ, ബാങ്ക് ഇടപാടുകൾ, ഫോൺ സംഭാഷണ രേഖകൾ, വിവിധ ശാസ്ത്രീയ തെളിവുകൾ കൂടാതെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ, പാപ്പച്ചന്റെ ബന്ധുക്കൾ, പ്രതികളുടെ ബന്ധുക്കൾ, സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ താമസക്കാർ എന്നിവരുൾപ്പെടെയുള്ളവരുടെ മൊഴികളും കുറ്റപത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.