പാപ്പച്ചൻ കൊലക്കേസ്; പ്രതി സരിതയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നു
text_fieldsകൊല്ലം: സാമ്പത്തിക തട്ടിപ്പിനിരയായ വയോധികനെ ക്വട്ടേഷൻ നൽകി കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രധാന പ്രതി കൊല്ലം ഓലയിൽ മുത്തൂറ്റ് മിനി നിധി ലിമിറ്റഡ് മുൻ മാനേജർ സരിതയുടെ മറ്റ് സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം നീളുന്നു. കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് സമീപം കൈരളിനഗർ കുളിർമയിൽ ബി.എസ്.എൻ.എൽ റിട്ട. ഡിവിഷനൽ എൻജിനീയർ പാപ്പച്ചനെ(82) കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെ കഴിഞ്ഞദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽനിന്ന് പൊലീസ് കസ്റ്റഡിയിലേക്ക് വിട്ടുനൽകിയിരുന്നു.
ഒന്ന് മുതൽ നാല് വരെ പ്രതികളായ കൊല്ലം പോളയത്തോട് എഫ്.എഫ്.ആർ.എ 12 അനിമോൻ മൻസിലിൽ അനിമോൻ(44), കടപ്പാക്കട ശങ്കേഴ്സ് ആശുപത്രിക്ക് സമീപം ശാസ്ത്രിനഗറിൽ വയലിൽ പുത്തൻവീട്ടിൽ മാഹിൻ(47), കൊല്ലം ഓലയിൽ മുത്തൂറ്റ് മിനി നിധി ലിമിറ്റഡ് മാനേജർ തേവള്ളി കാവിൽ ഹൗസിൽ വാടകക്ക് താമസിക്കുന്ന സരിത(45), കൊല്ലം ഓലയിൽ മുത്തൂറ്റ് മിനി നിധി ലിമിറ്റഡ് എക്സിക്യൂട്ടിവ് മരുത്തടി വാസുപ്പിള്ള ജങ്ഷനിൽ കെ.പി. അനൂപ്(37) എന്നിവരെ എട്ട് ദിവസത്തേക്കും അഞ്ചാംപ്രതി പോളയത്തോട് ശാന്തിനഗർ കോളനിയിൽ സൽമ മൻസിലിൽ ഹാഷിഫി(27) നെ അഞ്ച് ദിവസത്തേക്കുമാണ് കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
അനിമോൻ, മാഹിൻ, അനൂപ്, ഹാഷിഫ് എന്നിവരെ കൊല്ലം ഈസ്റ്റ്, വെസ്റ്റ്, ശക്തികുളങ്ങര സ്റ്റേഷനുകളിലും സരിതയെ വനിത സ്റ്റേഷനിലുമാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിനായി എത്തിക്കും.
50 ലക്ഷത്തിലധികം രൂപ സരിതയും അനൂപും ചേർന്ന് പാപ്പച്ചനിൽ നിന്ന് തട്ടിയതായാണ് ഇതുവരെയുള്ള പൊലീസിന്റെ കണ്ടെത്തൽ. നിക്ഷേപത്തിനായി നൽകിയ പണത്തിന്റെ പലിശ സംബന്ധിച്ച് പാപ്പച്ചൻ സംശയം ചോദിച്ചുതുടങ്ങിയതോടെ സരിതയും അനൂപും ചേർന്ന് അദ്ദേഹത്തെ വകവരുത്താൻ ക്വട്ടേഷൻ നൽകുകയായിരുന്നു. ക്വട്ടേഷൻ ഏറ്റെടുത്ത അനിമോൻ സൈക്കിളിൽ പോകുകയായിരുന്ന പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. ഇയാൾക്ക് സഹായം നൽകിയവരാണ് മാഹിനും ഹാഷിഫും.
സൈക്കിളിൽ മാത്രം സഞ്ചരിക്കുന്ന പാപ്പച്ചനെ കൊല്ലത്തെ വിജനമായ വഴിയിലേക്ക് എത്തിച്ചത് അനൂപാണ്. കേസിൽ ഇനിയും ഏറെക്കാര്യങ്ങൾ പുറത്തുവരാനുണ്ട്. വലിയ ഗൂഢാലോചന നടത്തിയാണ് പ്രതികൾ കൃത്യം നിർവഹിച്ചത് എന്നാണ് പൊലീസ് പറയുന്നത്. കൂടാതെ സരിതയും അനൂപും കൂടുതൽ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോയെന്നും കണ്ടെത്തണം. തട്ടിച്ച തുകയുടെ യഥാർഥ കണക്കുകൾ ഉൾപ്പെടെ പുറത്തുവരേണ്ടതുണ്ട്. സംഭവത്തിൽ പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കും.
പാപ്പച്ചനെ കൂടുതൽ പേർ കബളിപ്പിച്ചതായി സംശയം
കൊല്ലം: കാറിടിച്ച് കൊലചെയ്യപ്പെട്ട പാപ്പച്ചനെ കൂടുതൽ പേർ കബളിപ്പിച്ചതായി സംശയം; ആ വഴിക്കുള്ള അന്വേഷണവും സമാന്തരമായി നടക്കുന്നതായി പൊലീസ്. കൊല്ലപ്പെട്ടതിന്റെ തലേന്ന് കൊല്ലം നഗരത്തിലെ മറ്റൊരു സ്വകാര്യ ബാങ്കിലെ അക്കൗണ്ടിൽനിന്ന് പാപ്പച്ചൻ 14 ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
വലിയ തുകയുടെ ഇടപാടുകൾ ചെക്ക് വഴിയോ അക്കൗണ്ട് ട്രാൻസ്ഫർ വഴിയോ മാത്രമേ അദ്ദേഹം നടത്താറുള്ളൂവെന്നും ഇത്രയും തുക പണമായി പിൻവലിച്ചതിൽ ദുരൂഹതയുണ്ടെന്നും മകൾ റേച്ചൽ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ആ പണം എവിടേക്ക് പോയെന്നും കണ്ടെത്തേണ്ടതുണ്ട്. അത് സരിതക്കുതന്നെ കൈമാറിയിട്ടുണ്ടോ എന്നും അന്വേഷിക്കും.
പാപ്പച്ചന്റെ ബാങ്ക് നിക്ഷേപങ്ങളുടെ കൃത്യമായ കണക്ക് കുടുംബാംഗങ്ങൾക്ക് അറിയില്ല. വീട്ടിൽ സൂക്ഷിച്ച ബാങ്ക് രേഖകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടിയും ആരംഭിച്ചു.
ക്വട്ടേഷൻ സംഘാംഗങ്ങൾ സ്ഥിരം കുറ്റവാളികൾ
കൊല്ലം: പാപ്പച്ചനെ കൊലപ്പെടുത്തിയ ക്വട്ടേഷൻ സംഘാംഗങ്ങൾ കൊല്ലത്തെ സ്ഥിരം കുറ്റവാളികൾ. പ്രതി അനിമോൻ 2018 മുതൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുണ്ട്. വധശ്രമം, പീഡനം ഉൾപ്പെടെ എട്ടുകേസുകളിൽ പ്രതിയാണിയാൾ. ഇയാളും സരിതയും കൊലപാതകശേഷം 500ലേറെ തവണ ഫോണിൽ സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകശേഷം അനിമോനെടുത്ത പുതിയ ഫോൺകണക്ഷനിലൂടെയായിരുന്നു ഇത്. കൊലപാതകത്തിന് മുമ്പ് ഉപേക്ഷിച്ച പഴയഫോണിലെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ശങ്കേഴ്സ് ആശുപത്രിക്കുസമീപം ഓട്ടോ ഓടിച്ചിരുന്ന പ്രതി മാഹിനും മുമ്പ് ചില കേസുകളിൽ പ്രതിയായിരുന്നു. അപകടത്തിൽ പരിക്കേറ്റ പാപ്പച്ചനെ ആശുപത്രിയിൽ എത്തിച്ചപ്പോഴും പന്തളത്തെ പള്ളിയിൽ സംസ്കാരം നടത്തുമ്പോഴുമൊക്കെ മാഹിൻ സ്ഥലത്ത് സഹായിയായി ഉണ്ടായിരുന്നു.
കൊട്ടാരക്കര, കുണ്ടറ, കൊല്ലം ഈസ്റ്റ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. പാപ്പച്ചനെ കൊലപ്പെടുത്തുന്നത് സമീപത്ത് മറഞ്ഞിരുന്ന് പ്രതികളായ സരിതയും അനൂപും കാണുന്നുണ്ടായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പാപ്പച്ചൻ രക്ഷപ്പെടില്ലന്ന് ഉറപ്പാക്കിയ ശേഷമാണ് ഇവർ മടങ്ങിയത്. അപകടം നടന്നയുടൻ ഓട്ടോയിൽ മാഹിനാണ് ആദ്യ എത്തിയത്.
ഓട്ടോയിൽ ആശുപത്രിയിലെത്തിക്കാൻ ആളുകൾ പറഞ്ഞപ്പോൾ ആംബുലൻസിനായി വിളിച്ചുപറഞ്ഞിട്ടുണ്ടന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തിയത് മാഹിനാണ്. വാഹനങ്ങൾ പണയമായി സ്വീകരിച്ച് പണം വായ്പ നൽകുന്നയാളാണ് പ്രതി ഹാഷിഫ്. ഇങ്ങനെ കൈവശപ്പെടുത്തിയ കാറാണ് കൊലക്കുപയോഗിച്ചത്. അഞ്ചുവർഷംമുമ്പ് കിളികൊല്ലൂരിൽ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തിന് മൃതദേഹം തമിഴ്നാട്ടിൽ ഉപേക്ഷിക്കാൻ കാർ നൽകിയത് ഇയാളാണ്.
പാപ്പച്ചനെ കൊലപ്പെടുത്താനാണ് കാർ വാങ്ങിയതെന്ന് ആദ്യം ഹാഷിഫ് അറിഞ്ഞിരുന്നില്ല. അനിമോനുമായി ഒന്നിച്ചിരുന്ന് മദ്യപിക്കുമ്പോൾ പാപ്പച്ചനെ കൊലപ്പെടുത്തിയതാണന്നും സരിതയുടെ ക്വട്ടേഷനാണന്നും അറിഞ്ഞ് സരിതയെ ഭീഷണിപ്പെടുത്തി ഹാഷിഫ് മൂന്നു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.