ദുരന്തവാര്‍ത്ത കേട്ടുണർന്ന പത്തലുകുത്തി ഗ്രാമം: വലിയ സൗഹൃദത്തിന് ഉടമകളായിരുന്നു...എന്നിട്ടും....
text_fieldsകോന്നി: പത്തലുകുത്തി ഗ്രാമം ഞായറാഴ്ച പുലര്‍ച്ച നടുക്കുന്ന ദുരന്തവാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്. പത്തലുകുത്തി തെക്കിനേത്ത് പരേതനായ ശാമുവലിന്റെ മകന് സോണി, ഭാര്യ റീന, മകന് റയാൻ എന്നിവരുടെ മരണവാര്‍ത്ത നാട്ടുകാരെയാകെ ദുഖത്തിലാഴ്ത്തി. കഴിഞ്ഞ വെള്ളിയാഴ്ച് മുതല്‍ ഈ വീട്ടില്‍ ആളനക്കമില്ലായിരുന്നു. ചുറ്റുവട്ടമുള്ളവരുമായി വലിയ ബന്ധമില്ലാത്തതിനാല്‍ ആരും ശ്രദ്ധിച്ചില്ല.
സോണിയുടെ ബന്ധുക്കള്‍ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് വീടിന് സമീപത്തെ ബന്ധുവിനെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വീടിനുള്ളില്‍നിന്ന് രൂക്ഷഗന്ധം അനുഭവപ്പെടുന്നതായി മനസ്സിലാക്കിയത്. തുടര്‍ന്ന് സമീപവാസികളുമായി ചെന്ന് നോക്കിയപ്പോഴാണ് വീടിന്റെ ഒരു മുറിയില്‍ റീനയും കുഞ്ഞും മറ്റൊരു മുറിയില്‍ സോണിയും തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. ഉടന്‍ കോന്നി പൊലീസില്‍ വിവരം അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ ഭാര്യയേയും വളര്‍ത്തുമകനെയും കൊലപ്പെടുത്തിയശേഷം സോണി ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമായി. കഴിഞ്ഞ വെള്ളിയാഴ്ച സോണി തന്റെ വീട്ടിലെ ജോലിക്കാരി തുളസിയെ ഫോണില്‍ വിളിച്ച് ഇന്ന് ജോലിക്ക് വരേണ്ടതില്ലെന്നും കുടുംബവുമായി കൊല്ലം വരെ പോവുകയാണെന്നും രണ്ടുദിവസം കഴിഞ്ഞേ വരുകയുള്ളൂ എന്നും പറഞ്ഞിരുന്നു. അടുത്ത ബന്ധുക്കള്‍ക്ക് ഈ കാര്യം കാട്ടി വാട്സ്ആപ്പില്‍ സന്ദേശം അയക്കുകയും ചെയ്തു. അതിനാല്‍ സംശയമുണ്ടായില്ല. എന്നാല്‍, ശനിയാഴ്ച്ച ബന്ധുക്കള്‍ ഇരുവരുടെയും ഫോണില്‍ വിളിച്ച് കിട്ടാതായതോടെ ഞായറാഴ്ച്ച അന്വേഷിച്ച് വീട്ടില്‍ വന്നപ്പോഴാണ് ദുരന്തവാര്‍ത്ത അറിഞ്ഞത്. വളര്ത്തുപുത്രന് റയാനെ തലയ്ക്കടിച്ചും ഭാര്യ റീനയെ വെട്ടിയും ഇരുവരുടെയും മരണം ഉറപ്പാക്കി ഒരുദിവസം മൃതദേഹത്തിന് കാവലിരുന്നുവെന്നാണ് കരുതുന്നത്. രണ്ട് മൃതദേഹങ്ങളും തുണിയിട്ട് മൂടിയ ശേഷമാണ് സോണി മറ്റൊരു മുറിയില്‍ ആത്മഹത്യ ചെയ്തത്.
വലിയ സൗഹൃദത്തിന് ഉടമ
കോന്നി: 20 വര്‍ഷക്കാലം കുടുംബത്തോടൊപ്പം കുവൈത്തില്‍ ജോലി ചെയ്തിരുന്ന സോണിക്കും റീനയ്ക്കും കോന്നിയില്‍ ബൃഹത്തായ സൗഹൃദ വലയമുണ്ടായിരുന്നു. സാമ്പത്തിക ബാധ്യത ഉണ്ടെന്ന് പറയുമ്പോഴും അതിനെ പൂര്‍ണമായി തള്ളുകയാണ് സോണിയുടെ സൗഹൃദങ്ങള്‍. കുവൈത്തില്‍ ജോലി ചെയ്യുമ്പോള്‍ മറ്റൊരാളുമായി ചേര്‍ന്ന് ബിസിനസ് ആരംഭിക്കുകയും ഒപ്പം കൂടിയ ആള് കോടികള്‍ സോണിയില്‍നിന്ന് തട്ടിയെടുക്കുകയും ചെയ്തു.
വലിയ സാമ്പത്തിക ബാധ്യത ഉണ്ടായതോടെ സോണിയും അവിടെ തുടരാനാകാതെ കുടുംബവും നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. നാട്ടിലെത്തിയ ശേഷവും മറ്റൊരാളുടെ വിഷമം കണ്ടാല്‍ സോണി അവരെ സഹായിക്കുവാന്‍ മടികാണിച്ചില്ല.
കുട്ടികള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഏഴുവര്‍ഷം മുമ്പാണ് കാഞ്ഞിരപ്പള്ളിയില്‍നിന്ന് റയാനെ ദത്തെടുത്തത്. ഇക്കാര്യങ്ങളൊക്കെകൊണ്ട് അടുത്ത ബന്ധുക്കള്‍ സോണിയെ ഒറ്റപ്പെടുത്തിയതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായി. പിന്നീട് തന്റെ സുഹൃദ് ബന്ധങ്ങളിൽ നിന്നൊക്കെ സ്വയം ഒഴിവായി ജീവിതം അവസാനിപ്പിക്കുകയായിരുന്നു.താന്‍ മരണപ്പെട്ടാല്‍ ഭാര്യയെയും വളര്‍ത്ത് മകനെയും ബന്ധുക്കള്‍ ഒറ്റപ്പെടുത്തുമെന്ന ഭയമാകാം ഇരുവരെയും കൊലപ്പെടുത്തിയതെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.