തട്ടുകടയിൽ നാലുപേരുടെ മുഖത്ത് കുരുമുളക് പൊടി സ്പ്രേ ചെയ്ത ഗുണ്ടാസംഘം പിടിയിൽ
text_fieldsഓച്ചിറ: ദേശീയപാതയിൽ ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി.എസിന് സമീപത്തെ തട്ടുകടയിലെത്തി കടയുടമയെയും മകനെയും കടയിൽ ചായകുടിക്കാനെത്തിയ സഹോദരന്റെയും സഹോദരിയുടെയും മുഖത്ത് കുരുമുളക് പൊടി സ്പ്രേ ചെയ്ത ശേഷം ഒളിവിൽ കഴിഞ്ഞ പ്രതികൾ പൊലീസ് പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഓച്ചിറ മേമന തെക്ക് കറത്തോട്ടത്തിൽ തെക്കതിൽ സിജിത്ത് (ഇത്താക്കുലു -19), ചങ്ങൻകുളങ്ങര, നന്ദനത്തുവീട്ടിൽ ആരോമൽ എന്നു വിളിക്കുന്ന അഭിജിത്ത് (22) എന്നിവരാണ് പിടിയിലായത്. വരവിള സ്വദേശി ഷൗക്കത്തിന്റെ ബജിക്കടയിൽ ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
ബൈക്കിലെത്തിയ സിജിത്തും ഒപ്പമുണ്ടായിരുന്ന അഭിജിത്തും കടയിൽ ചായകുടിച്ചുകൊണ്ടിരുന്ന സഹോദരങ്ങളായ ക്ലാപ്പന സ്വദേശി അഞ്ജലി (20), സഹോദരൻ അനുരാജ് (28) എന്നിവരെ തുറിച്ചുനോക്കി. എന്താണ് നോക്കുന്നത്, അറിയുമോയെന്ന് അനുരാജ് ചോദിച്ചത് ഇഷ്ടപ്പെടാത്ത പ്രതികൾ കൈയിൽ കരുതിയിരുന്ന കുരുമുളക് പൊടി ഇരുവരുടേയും മുഖത്തേക്ക് സ്പ്രേ ചെയ്യുകയായിരുന്നു. ഇതിനെ എതിർത്ത കടയുടമ ഷൗക്കത്തിന്റെയും മകന്റെയും മുഖത്തും സ്പ്രേ ചെയ്തശേഷം ഇരുവരും ബൈക്കിൽ രക്ഷപ്പെട്ടു.
ഒളിച്ചുകഴിയുകയായിരുന്ന സിജിത്തിനെ കരുനാഗപ്പള്ളി പറയകടവിൽനിന്നും കരുനാഗപ്പള്ളി എസ്.എച്ച്.ഒ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് റെയ്ഡിനിടയിലും അഭിജിത്തിനെ ചവറയിലെ ബാറിൽ നിന്നുമാണ് പിടികൂടിയത്. കുരുമുളകുപൊടി സ്പ്രെ ചെയ്ത സംഭവത്തിനുശേഷം സിജിത്ത് അയൽക്കാരിയായ ഓച്ചിറ, മേമന തെക്ക് മൂലാണിക്കൽ വീട്ടിൽ അക്രമം നടത്തിയിരുന്നു. യുവാക്കൾ രണ്ടുപേരും മയക്കുമരുന്നിന് അടിമകളാണ്. ഓച്ചിറ സി.ഐ പി. വിനോദ്, എസ്.ഐമാരായ നിയാസ്, ഷെറീഫ്, സ്ക്വാഡ് അംഗങ്ങളായ രഞ്ചിത്ത്, കനീഷ്, സുകുമാരൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.