എസ്.ഐക്ക് നേരേ കുരുമുളക് സ്പ്രേ: നൂറിലധികം പേരെ ചോദ്യം ചെയ്തു
text_fieldsപാലാ: കഞ്ചാവ്-ഗുണ്ട സംഘത്തെ പിടികൂടാനെത്തിയ രാമപുരം എസ്.ഐക്ക് നേരേ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ കേസില്‍ ഇതിനകം നൂറിലധികം പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു. സംഭവസ്ഥലത്തുനിന്ന് ഓടിമറഞ്ഞ പ്രതി അമലിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. രാമപുരം സി.ഐ കെ.എന്‍. രാജേഷാണ് അന്വേഷണ സംഘത്തലവൻ. കഞ്ചാവ്-മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരെയാണ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. ഇതോടൊപ്പം കഞ്ചാവ്-മയക്കുമരുന്ന് മാഫിയയെ തളക്കാൻ 'ഓപറേഷന്‍ ഇടിമിന്നല്‍' പദ്ധതിയും സജീവമാക്കി.
എസ്.ഐക്ക് നേരേ കുരുമുളക് വെള്ളം സ്‌പ്രേ ചെയ്തതിനുശേഷം സ്ഥലംവിട്ട അമല്‍ ഒരുസുഹൃത്തിന്റെ വീട്ടിലാണ് ആദ്യം ചെന്നതെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. അമല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാൽ സൈബര്‍തലത്തിലെ അന്വേഷണം വഴിമുട്ടി. ഒന്നാം പ്രതി അസിന്‍, അമല്‍, അഖില്‍, അലക്‌സ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഞ്ചാവ്-മയക്കുമരുന്ന് വിൽപന, കൈമാറ്റം, ഉപയോഗം എന്നിവ സംബന്ധിച്ച് രാമപുരം ടൗണ്‍, വെള്ളിലാപ്പള്ളി, പിഴക്, മാനത്തൂര്‍, പാലവേലി, കൊണ്ടാട്, ചക്കാമ്പുഴ, കിഴതിരി, ഇടക്കോലി, കുറിഞ്ഞി, ഐങ്കൊമ്പ്, പൂവക്കുളം മേഖലകളിലെ യുവാക്കളെയാണ് ചോദ്യംചെയ്തത്. ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഏറെയും യുവാക്കളും വിദ്യാർഥികളുമാണെന്ന് കൃത്യമായ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതോടൊപ്പം കഞ്ചാവ്-മയക്കുമരുന്ന് മാഫിയയില്‍പെട്ട ചിലര്‍ ഉള്‍പ്പെട്ട പഴയ കേസുകളെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.