പെരിഞ്ചാംകുട്ടി വനം കൊള്ള: അന്വേഷണം നിലച്ചു, വെട്ടിക്കടത്തിയത് 6340 മരങ്ങൾ
text_fieldsചെറുതോണി: പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷനിൽ നടന്ന വനംകൊള്ളയുടെ അന്വേഷണം നിലച്ചു. ചിന്നക്കനാലിൽനിന്ന് വന്ന് കുടിയേറിയ ആദിവാസികളുടെ മറവിലാണ് കോടിക്കണക്കിന് രൂപയുടെ വനംകൊള്ള അരങ്ങേറിയത്.
ആദിവാസികളെ കുടിയിറക്കിയതിനുശേഷം നടത്തിയ കണക്കെടുപ്പിൻ 180 ഹെക്ടർ പ്രദേശത്തു നിന്നുമായി 6340 മരങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തിയിരുന്നു . കോതമംഗലം ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ മൂന്നാർ, തൊടുപുഴ, കോതമംഗലം സ്ക്വാഡുകളാണ് പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കിയത്. 208 ഹെക്ടർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന തേക്ക് പ്ലാന്റേഷനിലെ പരിശോധന 2012 മാർച്ച് 24നാണ് പൂർത്തിയായത്. വനം വകുപ്പിന്റെ കണക്കനുസരിച്ച് 3400 വില പിടിപ്പുള്ള മരങ്ങൾ വനംകൊള്ളക്കാർ കടത്തിയതായി മഹസറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തേക്ക്, ഈട്ടി, മരുത്. ചൗക്ക, തമ്പകം തുടങ്ങി വില പിടിപ്പുള്ള മരങ്ങളുടെ കുറ്റികളാണ് അന്ന് കൂടുതലും കണ്ടെത്തിയത്. കൈയേറ്റക്കാർ പാവൽ കൃഷി ചെയ്ത സ്ഥലത്തെ മരങ്ങളാണ് കാണാതെ പോയിരിക്കുന്നത്.
ചെമ്പകപ്പാറയിലുള്ള ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് ഏതാനും മീറ്റർ അകലെയാണ് കൊള്ള നടന്നത്. ഇതു സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പിന്നീട് വന്ന സർക്കാറാകട്ടെ അന്വേഷണവുമായി മുന്നോട്ടു പോയില്ല. തുടർ അന്വേഷണം തന്നെ നിലച്ച മട്ടാണ്.
വെട്ടിക്കടത്താൻ ശ്രമിച്ച ഒരുലോഡ് തടി പിടികൂടി
അടിമാലി: അനധികൃതമായി വെട്ടിക്കടത്താൻ ശ്രമിച്ച ഒരു ലോഡ് മരവും വാഹനവും വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ബൈസൺവാലി പൊട്ടൻകാട് മഞ്ഞപ്പള്ളിയിലാണ് സംഭവം. അനധികൃതമായി മരം മുറിച്ചുകടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ജീവനക്കാർ എത്തിയത്. പരിശോധനയിൽ മതിയായ രേഖകളില്ലാതെ മുറിച്ച തടിയും വാഹനവും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ബോഡിമെട്ട് ഫോറസ്റ്റ് സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ക്രിസ്റ്റോ ജോസഫ്, മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെ കണ്ടെത്താൻ അന്വഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാജകുമാരിയിൽ കഴിഞ്ഞ ദിവസവും മുറിച്ചുകടത്തിയ തടി പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.