ക്യൂആർ കോഡുകൾ കത്തിച്ച പേടിഎം ജീവനക്കാർക്കെതിരെ പരാതിയുമായി ഫോൺപേ
text_fieldsന്യൂഡൽഹി: തങ്ങളുടെ ക്യൂആർ കോഡുകൾ കത്തിച്ചു എന്നാരോപിച്ച് പേടിഎം ജീവനക്കാർക്കെതിരെ പരാതി നൽകി ഫോൺപേ. പ്രിന്‍റ് ചെയ്ത നിരവധി ക്യൂആർ കോഡുകൾ കത്തിക്കുന്ന വിഡിയോ നേരത്തെ പ്രചരിച്ചിരുന്നു. തുടർന്ന് ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂർ ലഖ്‌നവാലി പൊലീസ് സ്റ്റേഷനിൽ ജൂലൈ 29ന് ഫോൺപേ പരാതി നൽകുകയായിരുന്നു.
ദേവാംശു ഗുപ്ത, അമൻ കുമാർ ഗുപ്ത, രാഹുൽ പാൽ എന്നിവർക്കെതിരെയാണ് പരാതി. ഫോൺപേയെ അപകീർത്തിപ്പെടുത്തി സാമ്പത്തിക നഷ്ടമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാകാം ഇതെന്നും പരാതിയിൽ ആരോപിക്കുന്നു.
ഫോൺപേയിലെ മുൻ ജീവനക്കാരനായിരുന്നു ഗുപ്ത. പ്രിന്‍റ് ചെയ്ത ക്യുആർ കോഡുകൾ എവിടെയാണെന്ന് ഗുപ്തയ്ക്ക് മുൻകൂട്ടി അറിയാമായിരുന്നെന്നും മറ്റുള്ളവരുമായി ചേർന്ന് ഈ കോഡുകൾ മോഷ്ടിക്കാൻ ഗൂഢാലോചന നടത്തിയെന്നും ഫോൺപേയുടെ പരാതിയിൽ പറയുന്നു. കമ്പനികളുടെ വസ്തുവകകൾക്ക് നാശം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് നടത്തിയിരിക്കുന്നതെന്നും ഫോൺപേ ആരോപിക്കുന്നു.
എന്നാൽ സംഭവത്തിൽ വിശദീകരണവുമായി പേടിഎം രംഗത്തെത്തി. ഇത് ഫോൺപേയും മുൻജീവനക്കാരും തമ്മിലുള്ള പ്രശ്നമാണെന്നും കമ്പനിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും പേടിഎം അറിയിച്ചു. ജീവനക്കാരുടെ പ്രവൃത്തി അപലപിക്കുന്നു. ഒരു തരത്തിലുള്ള മോശം പെരുമാറ്റവും കമ്പനി വെച്ചുപൊറുപ്പിക്കില്ലെന്നും ജീവനക്കാരെ സസ്പെൻഡ് ചെയ്തതായും പേടിഎം വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.