പോക്കറ്റടിയും മൊബൈൽ മോഷണവും പതിവാക്കിയ വയോധികൻ പിടിയിൽ
text_fieldsതിരുവല്ല: ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്ത് പോക്കറ്റടിയും മൊബൈൽ മോഷണവും പതിവാക്കിയിരുന്ന വയോധികൻ തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം മുട്ടട ചില്ലക്കാട്ട് വീട്ടിൽ സോമനാണ് (63) പിടിയിലായത്.
വില കൂടിയ മൂന്ന് മൊബൈൽ ഫോണും 1800 രൂപ അടങ്ങുന്ന പഴ്സും പൊലീസ് ഇയാളിൽനിന്ന് കണ്ടെടുത്തു. തിരുവനന്തപുരത്തുനിന്നുള്ള സൂപ്പർ ഫാസ്റ്റ് ബസിൽ അടൂരിൽനിന്ന് പന്തളത്തേക്ക് വരുകയായിരുന്ന പന്തളം പറന്തൽ സ്വദേശി ജയിംസ് മാത്യുവിന്റെ 25,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ തിരുവല്ല ബസ്സ്റ്റാൻഡിൽനിന്നാണ് പൊലീസ് സോമനെ പിടികൂടിയത്.
പന്തളത്ത് ബസിറങ്ങി മിനിറ്റുകൾക്ക് ശേഷമാണ് മൊബൈൽ നഷ്ടമായ വിവരം ജയിംസ് അറിയുന്നത്. ഉടൻ ജയിംസ് മറ്റൊരു വാഹനത്തിൽ സൂപ്പർ ഫാസ്റ്റിനെ പിന്തുടർന്നു. തിരുവല്ലയിൽ എത്തും മുമ്പ് തിരുവല്ല പൊലീസിൽ വിവരമറിയിച്ചു. സൂപ്പർ ഫാസ്റ്റ് സ്റ്റാൻഡിൽ എത്തുമ്പോഴേക്കും പൊലീസും ജയിംസും സ്ഥലത്തെത്തി. തുടർന്ന് ബസിൽനിന്ന് സോമനെ പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോണുകളും പഴ്സും കണ്ടെടുത്തത്. കോട്ടയത്ത് നടത്തിയ പോക്കറ്റടി കേസിൽ പിടിയിലായ സോമൻ ഒരാഴ്ച മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി ഇയാൾക്കെതിരെ സമാനമായ നിരവധി കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.