യു.പിയിൽ 16കാരി കൂട്ടബലാത്സംഗത്തിൽ കൊല്ലപ്പെട്ട കേസ്; 35പേർ കസ്റ്റഡിയിലെന്ന്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ പിലിഭിത്തിൽ 16വയസുകാരി കൂട്ടബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തം. നാലു ദിവസം മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം.
ബർഖേര പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. രാവിലെ 6.45ന് സ്കൂളിലേക്ക് പോയതായിരുന്നു പെൺകുട്ടി. സാധാരണ വൈകിട്ട് അഞ്ചുമണിയോടെ എത്തുന്ന പെൺകുട്ടി ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. രാത്രി 11ഓടെ വീടിന് 500 മീറ്റർ അകലെനിന്ന് പെൺകുട്ടിയുടെ പാതി നഗ്നയായ മൃതദേഹം കണ്ടുകിട്ടി. മൃതദേഹത്തിന് സമീപം പെൺകുട്ടിയുടെ ബാഗും സൈക്കിളുമുണ്ടായിരുന്നു. സംഭവ സ്ഥലത്തുനിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഞായറാഴ്ച പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയശേഷം സംസ്കാരം നടത്തി.
16കാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അതേസമയം പൊലീസ് കേസ് അന്വേഷണത്തിൽ നിസംഗത പാലിക്കുകയാണെന്ന് കുടുംബം കുറ്റപ്പെടുത്തി. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
യു.പി പൊലീസിൻറെ 12 അംഗ സംഘത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. കൊലപാതകത്തിൽ 35 പേരെ കസ്റ്റഡിയിലെടുത്തതായും 10 പേരെ ചോദ്യം ചെയ്തതായും പൊലീസ് അറിയിച്ചു.
ബറേലി അഡീഷനൽ ഡയറക്ടർ ജനറൽ അവിനാശ് ചന്ദ്ര, ബറേലി റേഞ്ച് ഇൻസ്പെക്ടർ ജനറൽ രമിത് ശർമ, പിലിഭിത്ത് -ബറേലി -ഷാജഹാൻപുർ പൊലീസ് സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും എ.ഡി.ജി അവിനാശ് ചന്ദ്ര പറഞ്ഞു.
അതേസമയം, യു.പിയിലെ പ്രതിപക്ഷ പാർട്ടികളും സംഭവം ഏറ്റെടുത്തു. പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമാജ്വാദി പാർട്ടി മെഴുകുതിരി മാർച്ച് സംഘടിപ്പിച്ചിരുന്നു.
ബി.ജെ.പി സർക്കാറിന്‍റെയും പൊലീസിന്‍റെയും വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന് മുൻ കോൺഗ്രസ് മന്ത്രി സഫർ അലി നഖ്വി പറഞ്ഞു. കോൺഗ്രസിന്‍റെ യു.പി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തന്നോട് പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.