ചെടി വിൽപനശാല ജീവനക്കാരി കുത്തേറ്റ് മരിച്ച നിലയിൽ
text_fieldsതിരുവനന്തപുരം: നഗരത്തിലെ ചെടി വിൽപനശാലയിലെ ജീവനക്കാരിയെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരൂര്‍ക്കട-അമ്പലംമുക്ക് പ്രവർത്തിക്കുന്ന നഴ്സറിയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീത (38) ആണ് മരിച്ചത്.
നഴ്സറിയിലെ ഇടുങ്ങിയ ഭാഗത്ത് ചെടികള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിൽ മൂന്ന് കുത്തേറ്റ മുറിവുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏതാനും മാസം മുമ്പാണ് വിനീത ഇവിടെ ജോലിക്ക് കയറിയത്. അമ്പലംമുക്കിൽനിന്ന് കുറവൻകോണത്തേക്ക് പോകുന്ന റോഡിലാണ് നഴ്സറി.
ചെടികൾ നനയ്ക്കുന്നതിനാണ് ഞായറാഴ്ചയാണെങ്കിലും വിനീത എത്തിയത്. എത്തിയ കാര്യം അമ്മയെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. ചെടികള്‍ വാങ്ങാൻ രണ്ടുപേര്‍ വന്നെങ്കിലും ആരെയും കാണാത്തതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയില്‍ ആരുമില്ലെന്നറിയിച്ചു. ഉച്ചയ്ക്ക് ഇവരെ ഫോണില്‍ വിളിച്ചിട്ടും എടുക്കാതായതോടെ സ്ഥാപന ഉടമ മറ്റൊരു ജീവനക്കാരിയെ പറഞ്ഞയച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ടാർപോളിൻ കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഇവര്‍ ഉടന്‍തന്നെ പൊലീസിനെ അറിയിച്ചു. സംഭവമറിഞ്ഞ് അച്ഛന് വിജയനും അമ്മ രാഗണിയും സ്ഥലത്തെത്തി. കഴുത്തിലെ നാല് പവന്റെ മാല മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല. അതേസമയം കൈയിലെ പണം നഷ്ടപ്പെട്ടിട്ടില്ല.
കഴുത്തിന് പുറമേയും മുറിവുകളുണ്ടെന്ന് പേരൂർക്കട പൊലീസ് പറഞ്ഞു. വിനീതയുടെ ഭർത്താവ് സെന്തിൽകുമാർ രണ്ടുവർഷംമുമ്പ് ഹൃദ്രോഗത്തെത്തുടർന്ന് മരിച്ചു. വിനിതയുടെ മക്കൾ അനന്യയുടെയും അക്ഷയ് കുമാറിന്റെയും പഠനച്ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്നും കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുമെന്നും ഭക്ഷ്യ പൊതുവിതരണ മന്ത്രിയും നെടുമങ്ങാട് എംഎൽഎയുമായ അഡ്വ. ജി ആർ അനിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.