സുഹൃത്തുമായി സംസാരിച്ച വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പൊലീസുകാരൻ; പോക്സോ ചുമത്തി കേസെടുത്തു
text_fieldsകോയമ്പത്തൂർ: 14 വയസ്സുള്ള സ്‌കൂൾ വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് ലൈംഗികമായി ഉപദ്രവിക്കാനും ഒരു ലക്ഷം രൂപ തട്ടിയെടുക്കാനും ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ കോവിൽപാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രവികുമാറിനെ (39) പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു. പെൺകുട്ടി സഹപാഠിയോട് സംസാരിക്കുന്നത് കണ്ട പൊലീസുകാരൻ, പെൺകുട്ടിയുടെ ബന്ധം മാതാപിതാക്കളോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന്, പ്രതി മകളെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിന്‍റെ ശബ്ദരേഖ സഹിതം പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒരു വർഷം മുമ്പാണ് പ്രതി രവികുമാർ കോയമ്പത്തൂർ നഗരത്തിൽ നിന്ന് കോവിൽപാളയം സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയത്. ഇയാൾ ഭാര്യയ്ക്കും 10 വയസ്സുള്ള മകൾക്കുമൊപ്പമാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം എട്ടാം ക്ലാസ് വിദ്യാർഥിനി സഹപാഠിയായ ആൺകുട്ടിയോട് സംസാരിക്കുന്നത് പ്രതി കണ്ടു. ആൺകുട്ടിയെ സ്ഥലത്ത് നിന്ന് ഇയാൾ ഓടിച്ചു. വീണ്ടും കണ്ടുമുട്ടിയാൽ ഇവരുടെ ബന്ധം മാതാപിതാക്കളെ അറിയിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.
അന്ന് വൈകുന്നേരം രവികുമാർ പെൺകുട്ടിയുടെ വീട്ടിലെത്തി ബന്ധം പുറത്തുപറയാതിരിക്കാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ, മാതാപിതാക്കൾ വീട്ടിലുണ്ടെന്നും വിഷയം ചർച്ച ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് പെൺകുട്ടി ഇയാളെ പറഞ്ഞയച്ചു. തുടർന്ന്, ഞായറാഴ്ച വൈകുന്നേരം, അഞ്ച് മണിക്ക് സ്റ്റേഷനിലേക്ക് പോകുമ്പോൾ രവികുമാർ വീണ്ടും ഇരുവരും സംസാരിക്കുന്നത് കണ്ടു. ഇതിൽ പ്രകോപിതനായ പ്രതി ഇരുവരുടെയും ചിത്രങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചു. ഇയാൾ ഭീഷണിപ്പെടുത്തി സംസാരിക്കുന്നത് പെൺകുട്ടി റെക്കോർഡ് ചെയ്യുകയും അത് തന്റെ പിതാവിനെ അറിയിക്കുകയുമായിരുന്നു.
ശബ്ദരേഖയുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് രവികുമാറിനെതിരെ കേസെടുത്തത്. ഇയാളെ തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.