പോക്സോ കേസ്: അതിജീവിതയുടെ മാതാപിതാക്കളെ കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ
text_fieldsശൂരനാട്: പോക്സോ കേസിലെ വാദിയുടെ മാതാപിതാക്കളെ ഗുരുതരമായി വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു.
ശൂരനാട് വടക്ക് പടിഞ്ഞാറ്റിൻമുറി വാഴപ്പള്ളി വടക്കത്തിൽ വീട്ടിൽ ദിലീപ് (26) ആണ് പിടിയിലായത്. രണ്ട് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മാതാവിനെ കാണാൻ ശൂരനാട് എത്തിയപ്പോൾ പൊലീസ് പിടിയിലാകുകയായിരുന്നു.
ആഗസ്റ്റ് രണ്ടിന് രാത്രി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ആഗസ്റ്റ് മൂന്നിന് ദിലീപ് പ്രതിയായ പോക്സോ കേസിന്റെ വിചാരണ നടക്കാനിരിക്കെയായിരുന്നു ആക്രമണം. അതിജീവിതക്കൊപ്പം പിതാവിനും മാതാവിനും അന്ന് വിചാരണ നിശ്ചയിച്ചിരുന്നു.
വിചാരണവേളയിൽ തനിക്കെതിരായി മൊഴി പറഞ്ഞാൽ ശിക്ഷിക്കപ്പെടുമെന്ന് മനസ്സിലാക്കിയ പ്രതി സാക്ഷികൾ കോടതിയിൽ എത്താതിരിക്കുന്നതിനും അതുവഴി വിചാരണ അട്ടിമറിക്കുന്നതിനും വേണ്ടി അക്രമം നടത്തുകയായിരുന്നു.
വാളുമായി ബൈക്കിലെത്തിയ പ്രതി വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം വീട്ടിൽ കയറി അതിജീവിതയുടെ പിതാവിനെയും മാതാവിനെയും വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. ഇതിനിടയിൽ അതിജീവിത ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പ്രതി ഒളിവിൽപോയി. കരുനാഗപ്പള്ളി, കണ്ണൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തുടർന്നും ഒളിവിൽ കഴിയുന്നതിനായി പണത്തിനായി വീട്ടിൽ വരുമെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാത്തിരുന്ന പൊലീസിന്റെ വലയിൽ വീഴുകയായിരുന്നു.
പ്രതിയുടെ മാതാവ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. വീട്ടിലെ പ്ലാവ് പെട്ടെന്ന് വിൽക്കുന്നത് ഇയാൾക്ക് ഒളിവിൽ പോകാനുള്ള സാമ്പത്തിക ആവശ്യത്തിനാണെന്ന് മനസ്സിലാക്കിയ പൊലീസ് പണം വാങ്ങാൻ പ്രതി എത്തുമെന്ന് മാതാവിൽനിന്ന് മനസ്സിലാക്കുകയായിരുന്നു.
പ്രതി കൊലപാതക ശ്രമം ഉൾപ്പെടെ അഞ്ച് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. നിലവിൽ വിചാരണ നടക്കുന്ന പോക്സോ കേസിലും ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ള വധശ്രമക്കേസിലും പെട്ടെന്ന് വിചാരണ പൂർത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെറീഫ് പറഞ്ഞു.
ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോൺ, എസ്.ഐ രാജൻ ബാബു, എ.എസ്.ഐ ഹർഷാദ്, നൗഷാദ്, ഹരി, സി.പി.ഒമാരായ ശ്രീകുമാർ, സന്ദീപ്, മനു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊലപാതക ശ്രമം; പിന്നിൽ ദിലീപെന്ന് പൊലീസ്
ശാസ്താംകോട്ട: പോക്സോ കേസിൽ അതിജീവിതയുടെ മാതാപിതാക്കളെ വീടുകയറി വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി ദിലീപ് കഴിഞ്ഞ ദിവസം മറ്റൊരു കൊലപാതക ശ്രമവും നടത്തിയതായി വെളിപ്പെടുത്തൽ.
ശൂരനാട് കെ.സി.ടി മുക്കിലുള്ള ലോട്ടറി കടയുടെ ഇരുമ്പ് തട്ടിൽനിന്ന് യുവാവിന് ഷോക്കേറ്റ സംഭവമാണ് കൊലപാതകശ്രമമാണെന്ന് പ്രതി ദിലീപ് പൊലീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. പ്രതി ഇലക്ട്രിക് ലൈനിൽനിന്ന് വയർ ഉപയോഗിച്ച് ഇരുമ്പുതട്ടിലേക്ക് വൈദ്യുതി കണക്ഷൻ കൊടുക്കുകയായിരുന്നു.
ഇവിടെ ലോട്ടറി കച്ചവടം നടത്തുന്ന ശൂരനാട് സ്വദേശിനിയുടേതാണ് ഈ തട്ട്. ലോട്ടറി വിൽപന നടത്തിയശേഷം ഇവർ തട്ട് സമീപത്തെ ക്ഷീരസംഘത്തിന് സമീപമാണ് സൂക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ വീട്ടമ്മയുടെ സഹോദര പുത്രൻ തട്ട് എടുത്തിടാൻ നോക്കിയപ്പോൾ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു.
സമീപവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് ഇലക്ട്രിക് ലൈനിൽനിന്ന് വൈദ്യുതി എടുത്ത് തട്ടുമായി ബന്ധിപ്പിച്ചിരുന്നതായി മനസ്സിലായത്. തൊട്ടടുത്ത വീട്ടിലെ കിണറിലെ മോട്ടോറിന്റെ വൈദ്യുതി കണക്ഷനുവേണ്ടി ഉപയോഗിച്ച വയറാണ് ഇതിനായി ഉപയോഗിച്ചത്.
വൈദ്യുതി മോഷണമാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ശൂരനാട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിലെ അസി. എൻജിനീയറുടെ പരാതി പ്രകാരം ഇലക്ട്രിസിറ്റി ആക്ടിലെയും കേരള പൊലീസ് ആക്ടിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു.
എന്നാൽ, വിശദ അന്വേഷണത്തിൽ കൊലപാതകശ്രമമാണെന്ന് പൊലീസിന് വ്യക്തമായിരുന്നു. തുടർന്ന് പ്രതി ദിലീപിനെ അറസ്റ്റ്ചെയ്ത് ചോദ്യം ചെയ്യവെയാണ് ഇക്കാര്യത്തിലും വെളിപ്പെടുത്തലുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് എടുത്ത കേസ് വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് അന്വേഷിക്കുമെന്ന് ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.