കോഴിക്കോട്ടും പൊലീസുകാരനെതിരെ പോക്സോ കേസ്
text_fieldsകോഴിക്കോട്: കോടഞ്ചേരിയിൽ പൊലീസുകാരനെതിരെ പോക്സോ കേസ്. സഹോദരിമാരായ കുട്ടികളോട് അപമര്യാദയായി പെരുമാറിയ കോടഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ വിനോദിനെതിരെയാണ് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തത്.
12ഉം 13ഉം വയസുള്ള സഹോദരിമാരോടാണ് ഇയാൾ മോശമായി പെരുമാറിയത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതിയായ പൊലീസുകാരൻ ഒളിവിലാണെന്നാണ് വിവരം.
അതേസമയം, പോക്സോ കേസ് ഇരയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ സസ്പെൻഷനിലായ വയനാട് അമ്പലവയൽ എ.എസ്.ഐ ടി.ജി. ബാബുവിനെ പിടികൂടാനായില്ല. ഇയാൾ ഒളിവിലാണെന്നാണ് വിവരം. പോക്സോ കേസില്‍ ഇരയായ പതിനേഴുകാരിയെ ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ ടി.ജി. ബാബു മോശമായി പെരുമാറിയെന്നാണ് കേസ്.
ഇതിനിടെ, തൃക്കാക്കരയിൽ താമസിക്കുന്ന യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ. പി.ആര്. സുനു നേരത്തെയും ബലാത്സംഗക്കേസിൽ പ്രതിയാണെന്ന വിവരങ്ങൾ പുറത്തുവന്നു. എറണാകുളം മുളവുകാട് സ്റ്റേഷനില്‍ ജോലി ചെയ്യവേ പരാതിയുമായെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈകോടതി ജാമ്യം തള്ളിയതോടെ സുനുവിനെ അറസ്റ്റ് ചെയ്തു. സുനുവിനെതിരെ അന്ന് വകുപ്പുതല നടപടിയും സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.