രഞ്ജിത് വധം: ഒമ്പതുപേർ കസ്റ്റഡിയിൽ; 12 പ്രതികൾ
text_fieldsആലപ്പുഴ/മണ്ണഞ്ചേരി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മണ്ണഞ്ചേരി പൊന്നാട് അൽഷ ഹൗസിൽ അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സജീവ ആർ.എസ്.എസ് പ്രവർത്തകരായ പൊന്നാട് കാവച്ചിറവീട്ടിൽ രാജേന്ദ്രപ്രസാദ് ( പ്രസാദ് -39), കാട്ടൂർ കുളമാക്കിവെളിയിൽ രതീഷ് (കുട്ടൻ -31) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
പ്രസാദാണ് കൊലയാളിസംഘത്തെ സംഘടിപ്പിച്ചതും വാഹനം എത്തിച്ചുനല്‍കിയതുമെന്ന് ജില്ല പൊലീസ് മേധാവി വി. ജയ്ദേവ് പറഞ്ഞു. കൊലയാളി സംഘത്തില്‍ 10 പേരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് സംശയിക്കുന്ന അഞ്ചുപേർ ഒളിവിലാണ്. കൂടുതൽ പ്രതികൾ അറസ്റ്റിലായാലേ രാഷ്ട്രീയ കൊലപാതകത്തിെൻറ ഉന്നം വ്യക്തമാകൂ. ബി.ജെ.പി നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിലെ പ്രതികൾ ഉടൻ വലയിലാകുമെന്നും എസ്.പി പറഞ്ഞു. രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ 12 പ്രതികളുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒമ്പതുപേർ കസ്റ്റഡിയിലുണ്ട്. ഇവർ എസ്.ഡി.പി.ഐക്കാരാണെന്നാണ് സൂചന. ആറ് ബൈക്കിലായാണ് ഇവർ എത്തിയതെന്ന് സി.സി ടി.വി ദൃശ്യങ്ങൾ കാണിക്കുന്നു. പ്രതികളുടെ പേരുകൾ ഉൾപ്പെടെ നിർണായക വിവരങ്ങളും ലഭിച്ചു.
ഇതിനിടെ, ഷാനെ കൊലപ്പെടുത്താൻ അക്രമികൾ സഞ്ചരിച്ചതെന്ന് കരുതുന്ന കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചേർത്തല കണിച്ചുകുളങ്ങര ക്ഷേത്രത്തിനു സമീപം റോഡിൽ ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് എറണാകുളം രജിസ്ട്രേഷനുള്ള വെള്ള മാരുതി സ്വിഫ്റ്റ് കാർ കണ്ടെത്തിയത്. കാർ പരിശോധിച്ച് വിരലടയാളം ഉൾപ്പെടെ ശേഖരിച്ചു. ഷാനെ കാറിടിപ്പിച്ച് തെറിപ്പിച്ചശേഷം വെട്ടിക്കൊല്ലുകയായിരുന്നു. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് നിഗമനം.
സ്കൂട്ടറിൽ ഇടിപ്പിച്ചതിെൻറ തെളിവായി കാറിെൻറ മുൻഭാഗം തകർന്നിട്ടുണ്ട്. കാർ വാടകക്കെടുത്തതാണെന്ന് നേരേത്ത വിവരം ലഭിച്ചിരുന്നു. അതിനിടെ, തിങ്കളാഴ്ചത്തേക്ക് തീരുമാനിച്ച സർവകക്ഷി യോഗം ബി.ജെ.പി നിസ്സഹകരിച്ചതിനെ തുടർന്ന് ജില്ല കലക്ടർ മാറ്റി. യോഗം ചൊവ്വാഴ്ച നടന്നേക്കും. ശനിയാഴ്ച രാത്രി എട്ടിനാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡിൽ കെ.എസ്. ഷാനിന് അക്രമികളുടെ വെട്ടേറ്റത്. രാത്രി 11.30ന് കൊച്ചിയിലെ ആശുപത്രിയിൽ മരിച്ചു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറിൽ ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസിനെ വീട്ടിൽ കയറി വെട്ടിക്കൊന്നത്.
മൂന്ന് ദിവസം സംസ്ഥാനത്ത് ജാഥക്കും ഉച്ചഭാഷിണി ഉപയോഗത്തിനും നിയന്ത്രണം
തിരുവനന്തപുരം: ആലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നിർദേശം നൽകി. അടുത്ത മൂന്ന് ദിവസത്തേക്ക് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മുതിർന്ന ഉദ്യോഗസ്ഥർ അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണം. രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും. പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തും. വാറണ്ട് നിലവിലുള്ള സാമൂഹികവിരുദ്ധരെ പിടികൂടാൻ പ്രത്യേക പദ്ധതി നടപ്പാക്കും. ക്രിമിനലുകളുടെ പട്ടിക തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.