ഗുണ്ടകൾക്ക് വലവിരിച്ച് പൊലീസ്:ഗുണ്ടാപ്പട്ടിക പുതുക്കുന്നു
text_fieldsആലപ്പുഴ: ആക്രമണങ്ങൾ വർധിച്ചതോടെ ഗുണ്ടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിെൻറ ഭാഗമായി ജില്ലയിൽ ഗുണ്ടാപ്പട്ടിക പുതുക്കുന്നു. ഇതിനായി ഗുണ്ടകളെ സ്ഥിരമായി നിരീക്ഷിക്കാനും പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരെ കണ്ടെത്താനുമായി ക്രിമിനൽ കേസ് പ്രതികളുടെ വീടുകൾ കയറി പൊലീസ് പരിശോധന തുടങ്ങി.
കുറ്റകൃത്യങ്ങളിൽ ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ ജാമ്യം റദ്ദാക്കുക, കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ, നാടുകടത്തൽ എന്നിവയും ഊർജിതമാക്കി. ഗുണ്ടകളുടെ സഹായികൾ, ബന്ധുക്കൾ തുടങ്ങിയവരെ നിരീക്ഷിക്കുന്നതിനൊപ്പം ഇവർക്ക് സാമ്പത്തിക സഹായം നൽകുന്നവരുടെ വിവരങ്ങളും ശേഖരിക്കുന്നതിന് പ്രത്യേക സംഘമാണ് പ്രവർത്തിക്കുന്നത്. കുറ്റകൃത്യങ്ങളിൽ തുടരെ ഏർപ്പെടുന്നവരുടെ പേര്, വിലാസം, ഫോൺ നമ്പറുകൾ, സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കുടുംബത്തിലെ അംഗങ്ങളുടെ വിവരം, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റും വിവരങ്ങൾ എന്നിവയും ശേഖരിക്കുന്നുണ്ട്. ഇതുവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് പുതിയതായി ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടവർ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ ജില്ലയാണ് ആലപ്പുഴ. 64 പേരാണ് അടുത്തനാളിൽ പുതിയതായി ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടത്. 171 പുതിയ ഗുണ്ടകളുള്ള പത്തനംതിട്ടയും 98 ഗുണ്ടകളുള്ള തിരുവനന്തപുരവുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
കായംകുളം പൊലീസ് സബ്ഡിവിഷൻ പരിധിയിലെ കായംകുളം പൊലീസ് സ്റ്റേഷനിൽ ജില്ല പൊലീസ് മേധാവി, ഡിവൈ.എസ്.പി, എസ്.എച്ച്.ഒ എന്നിവർ തയാറാക്കിയ പട്ടികയിലുൾപ്പെട്ട 18 ഗുണ്ടകളുണ്ട്. ഇതിൽ 15 പേർ ജയിലിലാണ്. മൂന്നുപേർ മാത്രമേ ഇപ്പോൾ വീടുകളിൽ താമസമുള്ളൂ. കനകക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടകളുടെ ടോപ് 10 പട്ടികയിലെ ഏഴ് പേർ സ്ഥലത്തുണ്ട്. ഇവർ സ്ഥിരമായി വീടുകളിൽ എത്തുന്നവരാണ്. മറ്റു മൂന്നുപേർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നില്ല.
കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിൽ ആറു പേർ സ്ഥലത്തുണ്ടെന്ന് ഉറപ്പാക്കി. നാലുപേർ ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി പുറത്തു കഴിയുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹരിപ്പാട് സ്റ്റേഷനിൽ 15 പേരെ പുതിയ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഒമ്പത് പേർ വിവിധ കേസുകളിൽ ജയിലിൽ കഴിയുന്നവരാണ്. വീയപുരം സ്റ്റേഷനിൽ 10ഉം പുന്നപ്ര സ്റ്റേഷൻ പരിധിയിൽ 50 ഗുണ്ടകളുമുണ്ട്. അമ്പലപ്പുഴ പരിധിയിൽ 30 ഗുണ്ടകളും സാമൂഹികവിരുദ്ധരുടെ പട്ടികയിൽ 94 പേരുമുണ്ട്.
ചെങ്ങന്നൂർ പൊലീസ് സബ് ഡിവിഷനിലെ പൊലീസ് സ്റ്റേഷനുകളിൽ മാത്രമായി 200 പേർ ഗുണ്ടാപ്പട്ടികയിലുണ്ട്. രണ്ടിൽ കൂടുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമാണിവർ. വള്ളികുന്നത്ത് 26 പേരാണ് ഗുണ്ടാ ലിസ്റ്റിൽ. ഇവരിൽ നാല് പേരെ കാപ്പ ചുമത്തി നാടു കടത്തിയിരുന്നു. പട്ടികയിലുൾപ്പെട്ട ഏഴ് പേർ കരുതൽതടങ്കലിലാണ്. ആലപ്പുഴ ഡിവൈഎസ്.പിക്ക് കീഴിലെ മണ്ണഞ്ചേരി സ്റ്റേഷൻ പരിധിയിൽ 150 ഗുണ്ടകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഇവരിൽ 10 പേരെ സ്ഥിരമായി നിരീക്ഷിക്കുന്നു. ഒരു വർഷത്തിനിടെ എട്ട് പേരെ കാപ്പ പ്രകാരം ജയിലിലടച്ചു.
ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ 10 പേരും സൗത്ത് സ്റ്റേഷനിൽ 15 പേരും ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മാരാരിക്കുളം സ്റ്റേഷനിൽ 10 പേരാണുള്ളത്. എടത്വ പൊലീസ് സ്റ്റേഷനിൽ 37 പേരാണുള്ളത്. അതിൽ എട്ടുപേരെ തരം തിരിച്ചിട്ടുണ്ട്. നെടുമുടിയിൽ 23 പേർ ഗുണ്ടാപ്പട്ടികയിലുണ്ടെങ്കിലും സജീവമായുള്ളത് അഞ്ച് പേരാണ്. പുളിങ്കുന്ന് സ്റ്റേഷനിൽ 10 ഗുണ്ടകളുണ്ട്. കൈനടി സ്റ്റേഷനിൽ ആരുമില്ല. അഞ്ച് പേർ സാമൂഹികവിരുദ്ധ പട്ടികയിലുണ്ട്. രാമങ്കരി സ്റ്റേഷനിലും സാമൂഹികവിരുദ്ധർ മാത്രംമാണ് പട്ടികയിൽ - 51 പേർ. ചേർത്തല ഡി.വൈഎസ്.പിയുടെ പരിധിയിൽ അരൂർ, കുത്തിയതോട്, പട്ടണക്കാട്, പൂച്ചാക്കൽ, അർത്തുങ്കൽ, മുഹമ്മ, ചേർത്തല സ്റ്റേഷൻ പരിധിയിൽ 70 ഗുണ്ടകളും ചേർത്തല ഡി.വൈ.എസ്.പിയുടെ പ്രത്യേക നിരീക്ഷണത്തിൽ 25 ഗുണ്ടകളുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.