വ്യാജ കരാര്‍ ഉണ്ടാക്കി വാഹനം മറിച്ചുവില്‍ക്കുന്ന സംഘം അറസ്റ്റില്‍
text_fieldsചങ്ങനാശ്ശേരി: വാഹനം വാടകക്ക് എടുത്ത് വ്യാജ വിൽപനക്കരാര് ഉണ്ടാക്കി മറിച്ചുവില്‍ക്കുന്ന സംഘം അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി കരോട്ട്പറമ്പില് ഷിജാസ് ഷാജി (ചാച്ചു -25), ഇടക്കുന്നം താച്ചുകുളം മുഹമ്മദ് അസറുദ്ദീന് (24), കാവാലം മുണ്ടൊടികളത്തില് ശ്യാംകുമാര്‍ (40), ആനക്കല്ല് നെല്ലിമല പുതുപ്പറമ്പില്‍ ഫാസില്‍ ലത്തീഫ് (36) എന്നിവരെയും പൊലീസ് സ്റ്റേഷനില്‍ ആക്രമണം നടത്തിയതിന് ഓശാന മൗണ്ട് കോളനി കാപ്പിത്തോട്ടത്തില്‍ ഊട് ശ്യാമിനെയുമാണ് (26) അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ചങ്ങനാശ്ശേരി സ്വദേശിയുടെ വാഹനം വാടകക്കെടുത്ത് മടക്കിനല്‍കാതെ കൈമാറ്റം നടത്തിയതിനെതിരെ ലഭിച്ച പരാതിയിലാണ് ഇവരെ ഞായറാഴ്ച പല സ്ഥലങ്ങളില്‍നിന്നായി അറസ്റ്റ് ചെയ്തത്.
സംഘാംഗത്തില്പെട്ട ഫാസില്‍ കാഞ്ഞിരപ്പള്ളിയില്‍ പൊലീസിന്റെ പിടിയില്‍നിന്ന് കടന്നുകളഞ്ഞു. ബാക്കിയുള്ള പ്രതികളെ ചങ്ങനാശ്ശേരി സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 8.30ഓടെ മറ്റൊരു സംഘം രണ്ട് വാഹനത്തിലായി ഗുണ്ടയായ ഊട് ശ്യാമിന്റെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി സ്റ്റേഷനിലെത്തി. ഊട് ശ്യാമും പൊലീസില്‍നിന്ന് കടന്നുകളഞ്ഞ ഫാസിലും സ്റ്റേഷനിലേക്ക് കയറിച്ചെല്ലുകയും പ്രതികളെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഗ്രില്ലുകള്‍ അടിച്ചുതകര്‍ക്കാന്‍ ശ്രമിക്കുകയും റൈറ്ററുടെ കൈ പിടിച്ചുതിരിക്കുകയും ചെയ്തു. കൂടുതല്‍ പൊലീസ് എത്തി ഇരുവരെയും സ്റ്റേഷനുള്ളില്‍ പൂട്ടിയിട്ടു. ഇതോടെ വാഹനങ്ങളിലെത്തിയ മറ്റുള്ളവര്‍ കടന്നുകളഞ്ഞു. പിടിയിലായവരെ റിമാന്‍ഡ് ചെയ്തു.
ജില്ല പൊലീസ് മേധാവി ഡി. ശില്പയുടെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി ആര്. ശ്രീകുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐമാരായ ജയകൃഷ്ണന്, സന്തോഷ്, എ.എസ്.ഐ മുഹമ്മദ് ഷെഫീഖ്, തോമസ് സ്റ്റാന്‍ലി, സന്തോഷ് കുമാര്‍, ജിബിന്‍ ലോബോ, കലേഷ്, ഡെന്നി ചെറിയാന് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.