നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുൾപ്പെടെ മൂന്നുപേർ പിടിയിൽ
text_fieldsപത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ മൂന്നുപേരെ കൊടുമൺ പൊലീസ് പിടികൂടി. കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചരിവ് വിഷ്ണു ഭവനത്തിൽ വീട്ടിൽ വിഷ്ണു തമ്പി (27), തൃശൂർ കൊടുങ്ങല്ലൂർ മേത്തല വയലമ്പലം കൂളിയാട്ടുനിന്ന് കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചരിവ് മിഥുനത്തേതിൽ താമസിക്കുന്ന വൈഷ്ണവ് (26), ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചരുവിൽ മിഥുനത്തേതിൽ അഭിലാഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നാംപ്രതി വിഷ്ണു കൊടുമൺ പൊലീസ് സ്റ്റേഷനിൽ ഒമ്പത് കേസുകളിൽ പ്രതിയാണ്. ദേഹോപദ്രവക്കേസിൽ അടൂർ ജെ.എഫ്.എം കോടതിയിൽനിന്ന് ജാമ്യത്തിൽ കഴിഞ്ഞുവരികയായിരുന്നു. 2021ൽ അടൂർ ആർ.ഡി.ഒ കോടതി ഒരുവർഷത്തെ ബോണ്ടിൽ ഇയാളെ നല്ലനടപ്പിന് ഉത്തരവായിരുന്നു. എന്നാൽ, ഇയാൾ ബോണ്ട് വ്യവസ്ഥ ലംഘിച്ച് കഴിഞ്ഞവർഷം കേസിൽ പ്രതിയായി.
സാമൂഹികവിരുദ്ധ പ്രവർത്തനം തടയൽ നിയമം (കാപ്പ) വകുപ്പ് 15പ്രകാരം ആറ്മാസത്തേക്ക് ജില്ലയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. രണ്ടും മൂന്നും പ്രതികൾ മറ്റൊരു ദേഹോപദ്രവക്കേസിൽ പ്രതികളാണ്. കൂടാതെ, വിഷ്ണു തമ്പിക്കൊപ്പം ചേർന്ന് സ്ഥിരമായി നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. വിഷ്ണുവിനെതിരെ സ്റ്റേഷനിൽ 2020 മുതൽ റൗഡി ഹിസ്റ്ററി ഷീറ്റും നിലവിലുണ്ട്. കഴിഞ്ഞവർഷം ജൂൺ 13ന് കൊടുമൺ ബിവറേജസ് ഷോപ്പിന് സമീപം കൊടുമൺ സ്വദേശി ശ്രീജിത്തിനെ ഉപദ്രവിച്ച കേസിൽ പ്രതികൾ ഒളിവിലായിരുന്നു. ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്. എസ്.ഐ രതീഷ് കുമാർ, എസ്.സി.പി.ഒ പ്രമോദ്, സി.പി.ഓമാരായ ജിതിൻ, മനോജ്, ബിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ബൈക്ക് മോഷ്ടാക്കൾക്ക് ഒരുവർഷം കഠിനതടവ്
പത്തനംതിട്ട: വീട്ടുമുറ്റത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതികളെ കോടതി ഒരുവർഷം കഠിനതടവിന് ശിക്ഷിച്ചു. കോയിപ്രം പൊലീസ് മാർച്ച് 26ന് രജിസ്റ്റർ ചെയ്ത കേസിൽ പിറ്റേന്നുതന്നെ അറസ്റ്റിലായ മോഷ്ടാക്കളെയാണ് കോടതി ശിക്ഷിച്ചത്.
ഇപ്പോൾ ആലപ്പുഴ ബോട്ട് യാഡിൽ താമസിക്കുന്ന,തിരുവനന്തപുരം മുല്ലശ്ശേരി കരകുളം സ്വദേശി അഖിൽ എന്ന അനിൽ കുമാർ (22), പെരിങ്ങര ചാത്തങ്കരി പുതുപ്പറമ്പിൽ ശരത് (22) എന്നിവരെയാണ് പത്തനംതിട്ട ജെ.എഫ്.എം.സി കോടതി രണ്ട് ശിക്ഷിച്ചത്. മാർച്ച് 23 പുലർച്ച 1.30ന് വെണ്ണിക്കുളത്തെ വീട്ടുമുറ്റത്തിരുന്ന മോട്ടോർ സൈക്കിളാണ് ഇരുവരും മോഷ്ടിച്ചത്.
ഇതര ജില്ലകളിലേക്ക് കോയിപ്രം പൊലീസ് വിവരം കൈമാറിയതിനെത്തുടർന്ന്, ആലപ്പുഴ പുന്നപ്ര പൊലീസിന്റെ രാത്രികാല പട്രോളിങ് സംഘം മോഷ്ടാക്കളെ ബൈക്കുമായി സംശയകരമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജെ.എഫ്.എം കോടതി രണ്ട് മജിസ്ട്രേറ്റ് വി.രാജീവാണ് പ്രതികളെ കഠിനതടവിന് ശിക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.