പൊലീസിന്‍റെ കണ്ണില്ലാ ക്രൂരത വീണ്ടും; നിലവിളിച്ച് കരയുന്ന മൂന്നുവയസുകാരിയെ കാറിൽ പൂട്ടിയിട്ട ദൃശ്യങ്ങൾ പുറത്ത്
text_fieldsകുരുന്നു കണ്ണീരിലും അലിയാത്ത പൊലീസ് ക്രൂരതയുടെ പുതിയ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ഫെബ്രുവരിയിൽ തിരുവനന്തപുരം ബാലരാമപുരത്ത് പൊലീസ് പരിശോധനക്കിടയിലുണ്ടായ നടുക്കുന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മൂന്നുവയസുകാരി കാറിലിരുന്ന് കരയുന്നതിനിടെ നിർദയമായി താക്കോലെടുത്ത് ഡോറടച്ചു പോകുന്ന പൊലീസിന്‍റെ ദൃശ്യങ്ങൾ കുഞ്ഞിന്‍റെ അമ്മയാണ് മൊബൈൽ ഫോണിൽ പകർത്തിയത്.
ധനുവെച്ചപുരം സ്വദേശികളായ ദമ്പതികളും മൂന്നുവയസുള്ള കുഞ്ഞും കാറിൽ യാത്ര ചെയ്യുേമ്പാൾ ബാലരാമപുരത്ത് പരിശോധന നടത്തുന്ന പൊലീസ് തടഞ്ഞു നിർത്തുകയായിരുന്നു. അമിത വേഗത്തിന് 1500 രൂപ പിഴയടക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ഗാനമേളകളിലെ ഡ്രം ആർടിസ്റ്റായ ഷിബുവും ഗായികയായ ഭാര്യ അഞ്ജനയും ലോക്ഡൗണിൽ വരുമാനം നിലച്ചത് ചൂണ്ടികാണിച്ച് പിഴ ഒഴിവാക്കി തരാൻ പൊലീസിനോട് അപേക്ഷിച്ചു. നിരവധി വാഹനങ്ങൾ പൊലീസ് പരിശോധന മറികടന്ന് പോകുന്നത് ചൂണ്ടികാണിച്ച് അതുപോലെ തങ്ങളെയും വിട്ടയച്ചുകൂടെയെന്ന് ഷിബു പറഞ്ഞത് പൊലീസിനെ പ്രകോപിപ്പിച്ചു. കാറിൽ നിന്ന് ഇറങ്ങിച്ചെന്ന് പൊലീസ് വാഹനത്തിനടുത്ത് നിന്നായിരുന്നു ഷിബു സംസംരിച്ചിരുന്നത്.
ദേഷ്യത്തോടെ കാറിനടുത്തേക്ക് കുതിച്ചെത്തിയ പൊലീസുകാരൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി താക്കോലെടുത്തു. ഈ സമയം കാറിനകത്തുണ്ടായിരുന്ന മൂന്നുവയസുകാരി അപരിചിതനായ പൊലീസുകാരനെ കണ്ട് നിലവിളിച്ച് കരയുകയായിരുന്നു. എന്നാൽ, ഇതൊന്നും കാര്യമാക്കാതെ പൊലീസുകാരൻ താക്കോലുമെടുത്ത് ഡോറടച്ചു പോയി. കേസെടുത്ത് അകത്തിടുമെന്നും മറ്റും പറഞ്ഞ് ഷിബുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കൈയിൽ 500 രൂപ മാത്രമുണ്ടായിരുന്ന ഷിബു അക്കാര്യം പോലീസിനോട് ബോധ്യപ്പെടുത്തിയെങ്കിലും ചെവിക്കൊള്ളാൻ തയ്യാറായില്ല. മണിക്കൂറുകൾ കാത്തുനിന്ന് അതുവഴി വന്ന രണ്ടു സുഹൃത്തുക്കളിൽ നിന്നായി ആയിരം രൂപ സംഘടിപ്പിച്ച് പിഴയടച്ച ശേഷമാണ് കുടുംബത്തെ പോകാനനുവദിച്ചത്.
ഇതിന്‍റെ ദൃശ്യങ്ങൾ കുഞ്ഞിന്‍റെ അമ്മ െമാബൈൽ ഫോണിൽ പകർത്തിയിരുന്നെങ്കിലും പുറത്തുവിട്ടിരുന്നില്ല. നിലവിളിക്കുന്ന കുഞ്ഞുമകളെ കണ്ട് കണ്ണുനിറഞ്ഞു പോയിരുന്നെന്ന് വേദനയോടെ ഒാർക്കുകയാണ് ഷിബു.
തിരുവനന്തപുരത്തു തന്നെ മൂന്നാം ക്ലാസുകരിയെയും പിതാവിനെയും പൊതുജനമധ്യത്തിൽ പിങ്ക് പൊലീസ് അപമാനിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് പഴയ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്ന് കുഞ്ഞിന്‍റെ അമ്മ അഞ്ജന പറഞ്ഞു. കുഞ്ഞുങ്ങളോട് നിർദയമായി പെരുമാറുന്ന പൊലീസിന്‍റെ രീതി നേരത്തെ ഉള്ളതാണ്. ഇതിനൊരു മാറ്റമുണ്ടാകണമെന്ന് അവർ പറഞ്ഞു.
സംഭവത്തിൽ പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്ന് ബാലാവകാശ കമീഷൻ അധ്യക്ഷൻ കെ.വി മനോജ്കുമാർ പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് അതിക്രമത്തിന് ഇരയായ മൂന്നാം ക്ലാസുകാരിക്ക് മാനസികാഘാതം മറികടക്കാൻ കൗൺസലിങ് ആവശ്യമാണെന്ന് ബാലവകാശ കമീഷൻ നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.