വാഹനപരിശോധനക്കിടെ എസ്.ഐയുടെ മൂക്കിടിച്ച് തകർത്തു, പൊലീസുകാരെ കടിച്ചു; കൊച്ചിയില്‍ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം
text_fieldsകൊച്ചി: മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച നേപ്പാൾ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേപ്പാൾ സ്വദേശികളായ ഗീത, സുമൻ എന്നിവരാണ് പിടിയിലായത്. അക്രമത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു.
വാഹന പരിശോധനക്കിടെ അങ്കമാലി അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറയിലാണ് സംഭവം. സംശയകരമായ സാഹചര്യത്തിൽ കണ്ട നേപ്പാൾ സ്വദേശികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്.
ഇവരുടെ മൊബൈൽ ഫോൺ പരിശോധിക്കുമ്പോൾ സ്ത്രീ എസ്.ഐ ജോർജ് ജോർജിന്റെ മൂക്കിനിടിച്ചു. ഗീതയെയും സുമനെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. പൊലീസ് ഉദ്യോഗസ്ഥരെ കടിക്കുകയും മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തു. വാഹനത്തിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച ഇവരെ നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അയ്യമ്പുഴയുടെ ചില ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ലഹരിമാഫിയ സംഘം നിലയുറപ്പിച്ചെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം.
പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. ചോദ്യം ചെയ്ത ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.