അരീക്കോട് പൊലീസിന്‍റെ കോമ്പിങ് ഓപറേഷൻ: 15 കേസെടുത്തു, പിടികിട്ടാപുള്ളിയടക്കം ആറുപേർ അറസ്റ്റിൽ
text_fieldsഅരീക്കോട്: സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അരീക്കോട് പൊലീസ് നടത്തിയ കോമ്പിങ് ഓപറേഷനിൽ 15 കേസുകൾ രജിസ്റ്റർ ചെയ്തു. നിരോധിത പുകയില വിൽപന, അനധികൃത വിദേശ മദ്യ വിൽപന, പൊതുസ്ഥലത്ത് മദ്യപാനം, അനധികൃത മണൽക്കടത്ത്, ഗതാഗത നിയമലംഘനം തുടങ്ങിയ വിഭാഗങ്ങളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജുമോന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പാവണ്ണയിൽ അനധികൃതമായി മണൽ കടത്തിയ ലോറി പിടികൂടി. ഇതിന്‍റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. നിരോധിത പുകയില ഉൽപന്നമായ ഹാൻസ് കൈവശം വെച്ചതിന് ഇരുവേറ്റി, ഊർങ്ങാട്ടിരി സ്വദേശികളായ രണ്ടുപേരെയും പിടികൂടി.
ഇവരിൽനിന്ന് 60 പാക്കറ്റ് ഹാൻസ് വീതം പിടികൂടി. പൊതുസ്ഥലത്ത് മദ്യപിച്ച ഏഴു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിനു പുറമേ ഏഴ് ലിറ്റർ വിദേശമദ്യം വിൽപന നടത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തു. അനധികൃത എഴുത്ത് ലോട്ടറി നടത്തിയ കീഴുപറമ്പ്, തൃപ്പനച്ചി, സ്വദേശികളായ രണ്ടുപേരെയും പിടികൂടിയിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിച്ച ഒരാൾക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2006ൽ അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അടിപിടി കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെയും പൊലീസ് പ്രത്യേക അന്വേഷണത്തിനിടയിൽ കണ്ടെത്തി പിടികൂടിയിട്ടുണ്ട്. എസ്.ഐമാരായ അജാസുദ്ദീൻ, അസീസ്, ബഷീർ, അമദ്, എ.എസ്.ഐ സുഹാൻ, കോൺസ്റ്റബ്ൾമാരായ സലേഷ്, ഷിബു, അസറുദ്ദീൻ, സജീർ സനൂപ്, രാജു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പരിശോധനയിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.