പൊലീസ് അനങ്ങിയില്ല; നാട്ടുകാർ ഉറക്കമിളച്ച് കള്ളനെ പിടികൂടി
text_fieldsആലുവ: പൊലീസ് അനാസ്ഥയെ തുടർന്ന് ഗതികെട്ട നാട്ടുകാർ കള്ളനെ ഉറക്കമിളച്ച് പിടികൂടി. കീഴ്മാട് - ചുണങ്ങംവേലി മേഖലയിൽ നിരന്തരം മോഷണം നടത്തി, നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവാണ് ഒടുവിൽ നാട്ടുകാരുടെ കുരുക്കിൽപ്പെട്ടത്.
അസം സ്വദേശി പരീതുൽ ഹക്കിനെയാണ് (19) ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ ചുണങ്ങംവേലി ജി.ടി.എൻ ക്വാർട്ടേഴ്സിന് സമീപത്ത് നിന്നും പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ സ്കൂട്ടറിൽ രക്ഷപ്പെട്ടു.
രണ്ടാഴ്ച്ചക്കിടെ ചുണങ്ങംവേലി - കീഴ്മാട് മേഖലയിൽ മാത്രം ആറിലേറെ വീടുകളിലാണ് കവർച്ച നടന്നത്. ഇതേതുടർന്ന് നാട്ടുകാർ പലവട്ടം പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്ന് എടത്തല പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് നാട്ടുകാർ കള്ളനെ പിടികൂടാൻ തീരുമാനിച്ചത്.
പൊലീസിന് കൈമാറിയ പ്രതിയെ പിന്നീട് കീഴ്മാട് റേഷൻകട കവലയിൽ പഴങ്ങാടി പരേതനായ കാദറിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 20ന് പുലർച്ചെ വീടിന്റെ മേൽകൂരയുടെ ഓടിളക്കി അകത്ത് കിടന്ന പ്രതി കാദറിന്റെ ഭാര്യ പാത്തുമ്മയുടെ സ്വർണമാലയും മോതിരവും കവർന്നിരുന്നു.
മുൻ ബ്ലോക്ക് പഞ്ചായത്തംഗം രമേശന്റെ തറവാട് വീട്ടിൽ കവർച്ച നടത്തിയത് ഉൾപ്പെടെ കീഴ്മാട് മേഖലയിലെ അഞ്ച് വീടുകളിൽ നടന്ന കവർച്ച പ്രതി സമ്മതിച്ചതായി സി.ഐ പി.ജെ. നോബിൾ പറഞ്ഞു. ഇന്ന് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.