മഹേശന്‍റെ മരണത്തിൽ വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതി
text_fieldsആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂനിയൻ ജനറൽ സെക്രട്ടറി കെ.കെ. മഹേശന്‍റെ മരണത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസ്. മാനേജർ കെ.എൽ. അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും പ്രതികൾ. മാരാരിക്കുളം പൊലീസാണ് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരം കേസെടുത്തത്. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾെപ്പടെ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുകളിൽ മഹേശനെ പ്രതിയാക്കാൻ വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ, അശോകൻ എന്നിവർ ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആർ പറയുന്നു. തട്ടിപ്പും അഴിമതിയും നിയമവിരുദ്ധ പ്രവർത്തനങ്ങളും മറ്റും പുറത്തുവന്നാൽ നിയമനടപടിക്ക് വിധേയരാകേണ്ടിവരുമെന്ന് ഭയന്ന് പ്രതികൾ പരസ്പരം ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയും രാഷ്ട്രീയ സ്വാധീനത്താലും ഒന്നാം പ്രതിയുടെ വിശ്വസ്തൻ കൂടിയായ മഹേശനെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാക്കുകയായിരുന്നു. 2020 ജൂൺ എട്ട് മുതൽ 24 വരെ നിരന്തരം ചോദ്യം ചെയ്യിച്ച് മാനസിക സംഘർഷത്തിലാക്കി ജീവനൊടുക്കാൻ സാഹചര്യമൊരുക്കി. പ്രതികൾ നിരന്തര സമ്മർദത്തിലൂടെ ആത്മഹത്യ പ്രേരണ നൽകിയതാണ് മഹേശനെ മരണത്തിലേക്ക് നയിച്ചത്.
വെള്ളാപ്പള്ളി അടക്കം മൂന്നുപേർക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ആരോപിച്ച് മഹേശന്‍റെ ഭാര്യ ഉഷാദേവി ഹൈകോടതിയെ സമീപിച്ചിരുന്നു. ആത്മഹത്യ കുറിപ്പിൽ ഇവരെ പരാമർശിച്ചതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഹൈകോടതി നിർദേശപ്രകാരം കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (2) കോടതി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത്. നേരത്തേ ഈ ആവശ്യവുമായി ഉഷാദേവി ആലപ്പുഴ കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.
2020 ജൂൺ 24നാണ് കെ.കെ. മഹേശനെ (54) യൂനിയൻ ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളാപ്പള്ളിക്കും ക്രൈംബ്രാഞ്ച് മേധാവിക്കും സി.ഐക്കും പ്രത്യേകം കത്തെഴുതി സമൂഹമാധ്യമങ്ങളിൽ പങ്കുെവച്ച ശേഷമാണ് ജീവനൊടുക്കിയത്. താൻ അടുത്തുതന്നെ കൊല്ലപ്പെടുമെന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും ഉഷയോടും അടുത്ത ബന്ധുക്കളോടും മഹേശൻ പറഞ്ഞിരുന്നു. ഇക്കാര്യം ആലപ്പുഴ ക്രൈംബ്രാഞ്ച് സി.ഐക്ക് മഹേശൻ എഴുതിയ കത്തിലും സൂചിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
എസ്.എൻ.ഡി.പി നേതൃത്വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുതയുണ്ടെന്നും മൈക്രോ ഫിനാന്‍സ് സ്റ്റേറ്റ് കോഓഡിനേറ്ററും ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന മഹേശൻ ആത്മഹത്യ കുറിപ്പിൽ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.