കട ഉദ്ഘാടനത്തെ തുടർന്ന് സംഘർഷം; പൊലീസിനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച 18കാരനെ പിടികൂടി
text_fieldsപെരുമ്പടപ്പ്: പാലപ്പെട്ടി പുതിയിരുത്തിയിൽ കട ഉദ്ഘാടനത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസിനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ പതിനെട്ടുകാരനെ പൊലീസ് പിടികൂടി. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പുതിയിരുതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആയിരങ്ങൾ തടിച്ച് കൂടിയതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. പ്രമുഖ യുട്യൂബ് വ്ലോഗർ മല്ലു ട്രാവലർ കട ഉദ്ഘാടനത്തിന് എത്തിയതിനെ തുടർന്ന് ഹൈവേ ഗതാഗതം പൂർണമായി തടസ്സപ്പെടുത്തിയതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്.
മോട്ടോർ സൈക്കിൾ റൈഡ് ഉൾപ്പെടെ നടത്തി സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ച് ആവേശത്തിൽ ആയിരുന്ന മല്ലു ട്രാവലറുടെ ഫോളോവേഴ്‌സിനെ പിരിച്ച് വിടാനും ഗതാഗത തടസ്സം നീക്കാനും എത്തിയ പെരുമ്പടപ്പ് പൊലീസിനെയും ഹൈവേ പൊലീസിനെയും ജനക്കൂട്ടം കൃത്യനിർവഹണം തടസപ്പെടുത്തുകയും കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് പതിനഞ്ചോളം പേർക്കെതിരെ കേസെടുക്കുകയും ഇവരെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
പൊലീസിനെ കല്ലെറിയുന്ന വീഡിയോയിൽ കണ്ട ചെറുപ്പക്കാരനെ കുറിച്ച് നടത്തിയ നിരന്തര അന്വേഷണത്തിലാണ് പാലപ്പെട്ടി കാപ്പിരിക്കട് സ്വദേശിയായ പതിനെട്ടുകാരനെ തിരിച്ചറിഞ്ഞത്. സംഭവ സമയത്ത് പ്രായപൂർത്തി ആയിട്ടില്ലാതിരുന്ന ഇയാളെ പോലീസ് ഏറ്റെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കി. സി.ഐ കേഴ്സൺ മാർക്കോസിന്‍റെ നേതൃത്വത്തിൽ എ.എസ്.ഐ സജീവ്, സി.പി.ഒമാരായ രഞ്ജിത്ത്, നാസർ, വിഷ്ണു, പ്രവീൺ എം.എസ്.പി സി.പി.ഒ നിധുൻ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.