മൊബൈല്‍ ബാങ്കിങ് വഴി വീട്ടമ്മയുടെ അക്കൗണ്ടില്‍നിന്ന് പണം തട്ടിയ സംഘം പിടിയില്‍
text_fieldsകൊല്ലം: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് മൊബൈല്‍ ബാങ്കിങ് വഴി എട്ട് ലക്ഷത്തി പതിനാറായിരം രൂപ കൈക്കലാക്കിയ സംഘം പിടിയിലായി. എ റണാകുളം കരിമല്ലൂര്‍ തടിക്കകടവ് ജുമാ മസ്ജിദിനു സമീപം വെളിയത്ത് നാട് കുട്ടുങ്ങപറമ്പില്‍ ഹൗസില്‍ ഇബ്രാഹിം (ഉമ്പായി-34), എറണാകുളം മൂവാറ്റുപുഴ മുളവൂര്‍ വി.എം വട്ടക്കാട്ട് കുടിയില്‍ ഹൗസില്‍ മൊയ്തീന്‍ഷാ (32), എറണാകുളം പെരുമ്പാവൂര്‍ റയോണ്‍പുരം കാഞ്ഞിരക്കാട് പുതുക്കാടന്‍ വീട്ടില്‍ ഷാമല്‍ എന്ന ഷാമോന് (31) എന്നിവരാണ് സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. കേസില്‍ പിടിയിലായ ഉമ്പായി എന്ന ഇബ്രാഹിം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
തിരുമുല്ലവാരം സ്വദേശിനിയുടെ കൊല്ലം ഫെഡറല്‍ ബാങ്കിലുള്ള അക്കൗണ്ടില്‍നിന്നാണ് സംഘം പണം തട്ടിയെടുത്തത്. ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ച സമയത്ത് ഇവര്‍ നല്കിയ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ദീര്‍ഘകാലം ഈ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് മൊബൈല്‍ കമ്പനി ഇവരുടെ സിം മരവിപ്പിച്ചിരുന്നു. തുടര്‍ന്ന്, മാസങ്ങള്‍ക്ക് ശേഷം കാലാവധി കഴിഞ്ഞ ഈ സിം കാര്‍ഡ് എറണാകുളം പെരുമ്പാവൂരിലുള്ളയാള്ക്ക് നല്‍കുകയും ചെയ്തു.
ഈ സിംകാര്‍ഡ് കരസ്ഥമാക്കിയ സംഘമാണ് തട്ടിപ്പ് നടത്തിയത്. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സിം കാര്‍ഡിലേക്ക് വന്ന മെസേജുകള്‍ ഉപയോഗിച്ച് നെറ്റ് ബാങ്കിങ്ങിനുള്ള വിവരങ്ങൾ ശേഖരിക്കുകയും മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷന്‍ ഇവരുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അതുവഴി പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് തട്ടിയെടുക്കുകയുമായിരുന്നു.
പണം നഷ്ടപ്പെട്ട വിവരമറിഞ്ഞ വീട്ടമ്മ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇതില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. ആലുവയില്‍ നിന്ന് ആലുവ വെസ്റ്റ് പൊലീസിന്റെ സഹായത്തോടെയാണ് സിറ്റി പൊലീസ് സംഘം പിടികൂടിയത്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ല പൊലീസ് മേധാവി ടി. നാരായണന് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. സിറ്റി സി ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണര്‍ സോണി ഉമ്മന്‍കോശിയുടെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എച്ച്. മുഹമ്മദ്ഖാന്, എസ്.ഐമാരായ അബ്ദുല്‍മനാഫ്, അജിത്കുമാര്‍, എ.എസ്.ഐ നിയാസ്, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ നഷ്ടപ്പെടുമ്പോള്‍ ആ വിവരം ബാങ്കുകളെ അറിയിക്കാതിരിക്കുന്നതാണ് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് കാരണമാകുന്നതെന്നും അതിനാല്‍ പൊതുജനങ്ങള്‍ അത്തരം വിവരങ്ങള്‍ അടിയന്തരമായി അവരുടെ അക്കൗണ്ടുകള്‍ ഉള്ള ധനകാര്യ സ്ഥാപനങ്ങളിലേക്കും മറ്റും അറിയിക്കുന്നത് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തടയാന്‍ ഉചിതമായിരിക്കുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.