2.15 കോടി രൂപയുടെ വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്ത് പൊലീസ്; കണ്ടെടുത്തത് പ്രമുഖ ബ്രാൻഡുകളുടെ വ്യാജന്മാർ!
text_fieldsഹൈദരാബാദ്: വ്യാജ സിഗരറ്റുകളുമായി നാലു പേരെ അറസ്റ്റ് ചെയ്ത് ഹൈദരാബാദ് പൊലീസ്. രാജ്യത്ത് ഏറെ ഡിമാൻഡുള്ള പ്രമുഖ ബ്രാൻഡുകളുടെ വ്യാജ സിഗരറ്റുകളാണ് ഇവരിൽനിന്ന് പിടികൂടിയത്. 2.15 കോടി രൂപയുടെ സിഗരറ്റുകളാണ് ഇവരിൽനിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.
രാജേന്ദ്ര നഗർ പൊലീസിലെ സ്പെഷൽ ഓപറേഷൻ ടീമാണ് വ്യാജ സിഗരറ്റുകൾ പിടികൂടിയത്. ബിഹാർ, ഹരിയാന, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ളവരാണ് പിടിയിലായവർ. 267 പെട്ടികളിൽ പായ്ക്ക് ചെയ്ത നിലയിലായിരുന്നു പിടികൂടിയ സിഗരറ്റുകൾ. ഹൈദരാബാദിൽനിന്ന് ബിഹാറിലേക്ക് കടത്തുന്നതിനിടയിലാണ് ഇവ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
ഷംഷാബാദ് നഗറിലെ വാഹന പരിശോധനക്കിടെയാണ് വ്യാജ സിഗരറ്റുകൾ കണ്ടെടുത്തത്. ബിഹാറിലേക്ക് പോകുന്ന വാഹനത്തിൽ അടുക്കിവെച്ച നിലയിലായിരുന്നു സിഗരറ്റ് പെട്ടികൾ. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തെലങ്കാനയിൽ വ്യാജ സിഗരറ്റുകളുടെ നിർമാണം നേരത്തേയും പൊലീസ് പിടികൂടിയിരുന്നു. 2022 മാർച്ചിൽ രഹസ്യവിവരത്തെ തുടർന്ന് ഹൈദരാബാദിലെ സുൽത്താൻ ബസാറിൽ വ്യാജ സിഗരറ്റ് നിർമാണ കേന്ദ്രം റെയ്ഡ് ചെയ്ത പൊലീസ് അന്ന് രണ്ടു കോടി വിലവരുന്ന 500 ചാക്ക് പുകയിലയും മറ്റ് അസംസ്കൃത വസ്തുക്കളുമാണ് പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.