നടൻ വിജയ് ബാബുവിന് അന്ത്യശാസനം നൽകി അന്വേഷണ സംഘം
text_fieldsകൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബുവിന് അന്ത്യശാസനം നൽകി അന്വേഷണം സംഘം. ഈമാസം 24 വരെ സമയം നൽകുമെന്ന് കൊച്ചി പൊലീസ് കമ്മീഷ്ണർ സി.എച്ച്. നാഗരാജു. വിജയ് ബാബു ഒളിവിൽ കഴിയുന്നത് ഏത് രാജ്യത്താണെന്ന് കണ്ടെത്തി. ഇതനുസരിച്ച് ജോർജിയയിലെ ഇന്ത്യൻ എംബസിയുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഉടനെ തന്നെ വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താമെന്നും പിടികൂടി നാട്ടിലെത്തിക്കാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും നാഗരാജു പറഞ്ഞു.
ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ജോർജിയയിലേക്ക് കടന്നത്. ദുബൈയിൽ തുടരുന്നത് അറസ്റ്റിലേക്ക് നീങ്ങാൻ ഇടയാക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ഇയാൾ രാജ്യം വിട്ടത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമായതിനാലാണ് വിജയ് ബാബു ജോർജിയ തെരഞ്ഞെടുത്തത്.
കൊച്ചി സിറ്റി പൊലീസിെൻറ അപേക്ഷയിൽ കേന്ദ്രവിദേശ കാര്യ മന്ത്രാലയം വിജയ് ബാബുവിെൻറ പാസ്പോർട്ട് അസാധുവാക്കിയിരുന്നു. ഇതിന് മുൻപ് തന്നെ ഇയാൾ ജോർജിയയിലേക്ക് കടന്നതായാണ് വിവരം. ഈ മാസം 24നകം ഹാജരാകാം എന്നാണ് പാസ്പോർട്ട് ഓഫീസർക്ക് വിജയ് ബാബു നൽകിയിരിക്കുന്ന ഉറപ്പ്. ദുബൈയിൽ നിന്ന് ജോർജിയയിലേക്ക് കടന്ന സാഹചര്യത്തിൽ വിജയ് ബാബു കീഴടങ്ങാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വരുന്നത് വരെ നാട്ടിലേക്ക് മടങ്ങിയെത്തേണ്ട എന്ന തീരുമാനത്തിലാണ് വിജയ് ബാബു. ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ സുപ്രിംകോടതിയെ സമീപിക്കാനുള്ള നീക്കവും പ്രതിഭാഗം അഭിഭാഷകർ നടത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.