പൊലീസുകാരനെ മേലുദ്യോഗസ്ഥർ മർദിച്ച സംഭവം: മൂന്നുപേർക്ക് സസ്പെൻഷൻ
text_fieldsതൃപ്പൂണിത്തുറ: ഹിൽപാലസ് കെ.എ.പി ഫസ്റ്റ് ബറ്റാലിയനിലെ പൊലീസുകാരനായ ബാബുവിനെ മേലുദ്യോഗസ്ഥർ മർദിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. കെ.എ.പി ഫസ്റ്റ് ബറ്റാലിയനിലെ ഹവിൽദാർമാരായ അന്സാർ, അരുൺദേവ്, രാജേഷ് എന്നിവരെയാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. കെ.എ.പി ബറ്റാലിയന് ഡി.ഐ.ജി സഞ്ജയ്കുമാർ ഗുരുഡാണ് നടപടി സ്വീകരിച്ചത്. ഡിസംബർ 31ന് വൈകീട്ട് സേനക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ സംഘം ചേർന്ന് മർദിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് മുഴുവൻ പൊലീസ് സേനക്കും അവമതിപ്പുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ, സംഭവത്തിൽ വകുപ്പുതല നടപടിക്കപ്പുറമുള്ള നിയമനടപടികളുണ്ടാകില്ലെന്നാണ് പൊലീസ്വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടെ കേസിൽ ആരോപണ വിധേയരായ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ ഒഴിവാക്കപ്പെടുന്ന നിലയാണുള്ളത്.
ആറംഗ സംഘം മർദിച്ചെന്ന് ബാബു ഉൾപ്പെടെ മൊഴിനൽകിയിട്ടും മൂന്നുപേരിൽ മാത്രമായി നടപടിയൊതുക്കിയതും ഇതിന്റെ ഭാഗമാണെന്നാണ് ആക്ഷേപം. ആരോപണ വിധേയരായ പൊലീസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നടപടിയില്ലാതെ ജൂനിയർ ഉദ്യോഗസ്ഥരിൽ മാത്രം നടപടിയൊതുക്കിയതിൽ സേനയിൽതന്നെ അതൃപ്തി ശക്തമാണ്. സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ച മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയില്ലെന്നതും ശ്രദ്ധേയമാണ്.
പുതുവർഷത്തലേന്ന് രാത്രി ബാബുവുമായി തർക്കത്തിലേർപ്പെട്ട മദ്യലഹരിയിലായിരുന്ന ഉന്നത ഉദ്യോഗസ്ഥർ ബാരക്കിനകത്തിട്ട് മർദിച്ചെന്നാണ് പരാതി. കട്ടിലിൽ പിടിച്ചുകിടത്തി മാറിമാറി മർദിക്കുകയായിരുന്നു. മർദനത്തിനിടെ സഹായമഭ്യർഥിച്ച് ബാബു പൊലീസ് ടോൾഫ്രീ നമ്പറായി 112ൽ ബന്ധപ്പെട്ടു. ഇതുകണ്ട ഉദ്യോഗസ്ഥർ ഫോൺ ബലമായി പിടിച്ചുവാങ്ങി കാൾ കട്ട് ചെയ്തു. കാൾ സെന്ററിൽനിന്ന് തിരിച്ച് കാൾ വരാതിരിക്കാൻ ഫോണും നശിപ്പിച്ചു. മർദനമേറ്റ ബാബു അവശനായതോടെയാണ് അക്രമിസംഘം പിന്മാറിയത്. അന്ന് രാത്രി ഡ്യൂട്ടി ഓഫിസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും സ്വീകരിക്കാൻ തയാറായില്ല. പിറ്റെ ദിവസം ബാബു ഹെഡ്ക്വാർട്ടേഴ്സ് ഓഫിസർ കമാൻഡിന് പരാതി നൽകാനെത്തിയെങ്കിലും ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രശ്നം ഒതുക്കിത്തീർക്കുകയും ബാബുവിന് അവധി നൽകുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.