പോത്തൻകോട് കൊലപാതകം: മൂന്നുപേർ കസ്റ്റഡിയിൽ
text_fieldsപോത്തൻകോട്: പട്ടാപ്പകൽ ഗുണ്ടാസംഘം വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. ഓട്ടോ ഡ്രൈവർ കണിയാപുരം സ്വദേശി രഞ്ജിത്ത് (28), ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, മൊട്ട നിധീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ ബാക്കിയുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി.
മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷ് (35) ആണ് മരിച്ചത്. പോത്തൻകോട് കല്ലൂരിൽ ശനിയാഴ്ച 2.45ഓടെയാണ് സംഭവം.ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘമാണ് ആക്രമണം നടത്തിയത്. വ്യക്തമായ പദ്ധതിയോടെയെത്തിയ ഗുണ്ടാസംഘം ആദ്യം നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമികളെ കണ്ട് സുധീഷ് സമീപത്തെ ബന്ധുവീട്ടിൽ ഓടിക്കയറി.
വീടിെൻറ വാതിലും ജനലും തകർത്ത് അകത്തുകയറിയ സംഘം അവിടെയുണ്ടായിരുന്ന കുട്ടികൾക്ക് മുന്നിലിട്ട് സുധീഷിനെ ദേഹമാസകലം വാളും മഴുവും കൊണ്ട് വെട്ടി. ഇടതുകാൽ വെട്ടിയെടുത്ത് ബൈക്കിൽ അരകിലോമീറ്റർ അകലെ കല്ലൂർ മൃഗാശുപത്രി ജങ്ഷനിലെത്തി ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് റോഡിൽ വലിച്ചെറിഞ്ഞശേഷം രക്ഷപ്പെട്ടു. ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതിനാൽ ആരും വീടുകളിൽനിന്ന് പുറത്തിറങ്ങിയില്ല.
ഗുണ്ടാപ്പകയാണ് കൊലപാതക കാരണമെന്നാണ് നിഗമനം. മംഗലപുരം, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി കേസുകളിൽ പ്രതിയാണ് സുധീഷ്. ആറ്റിങ്ങൽ മങ്ങാട്ടുമൂലയിൽ ഈമാസം ആറിന് സുധീഷിെൻറ സംഘം വീട് ആക്രമിച്ച് രണ്ടുപേരെ വെട്ടിയിരുന്നു. അഞ്ചംഗസംഘം നടത്തിയ ആക്രമണത്തിൽ നാലുപേർ ജയിലിലാണ്. കല്ലൂർ പാണൻവിളയിലെ അമ്മയുടെ കുടുംബവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു സുധീഷ്.
കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി സുധീഷ് പൊലീസിന് മൊഴി നൽകിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.