നിധി കിട്ടാൻ യുവതിയെ നഗ്നയാകാൻ നിർബന്ധിച്ച ദുർമന്ത്രവാദിയടക്കം ആറുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: കർണാടകയിലെ രാമനഗരയിൽ നിധി കണ്ടെത്താനെന്ന പേരിൽ നടത്തിയ മന്ത്രവാദത്തിനിടെ യുവതിയോട് നഗ്നയാകാൻ ആവശ്യപ്പെട്ട ദുർമന്ത്രവാദിയടക്കം അഞ്ചുപേർ അറസ്റ്റിൽ. വീട്ടിനുള്ളിൽ ഒളിഞ്ഞുകിടക്കുന്ന നിധി കണ്ടെത്താനെന്ന പേരിലായിരുന്നു ചടങ്ങുകൾ. യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പൊലീസെത്തി രക്ഷപ്പെടുത്തി.
ക്രിമിനൽ കുറ്റകൃത്യ പ്രകാരവും ദുർമന്ത്രവാദം തടയൽ നിയമപ്രകാരവുമാണ് 40കാരനായ മന്ത്രവാദിയും അഞ്ചുപേരും അറസ്റ്റിലായത്. ദുർമന്ത്രവാദിയായ ശശികുമാർ, സഹായി മോഹൻ, നിർമാണതൊഴിലാളികളായ ലക്ഷ്മിനാരസപ്പ, ലോകേഷ്, നാഗരാജ്, പാർഥസാരഥി എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്നാട് സ്വദേശിയാണ് ശശികുമാർ. തമിഴ്നാട്ടിൽ ഒരു വിവാഹചടങ്ങിൽ പെങ്കടുക്കുന്നതിനിടെ 2019ലാണ് കർഷകനായ ശ്രീനിവാസും ശശികുമാറും പരിചയത്തിലാകുന്നത്. 2020ൽ പരിചയത്തിന്‍റെ പേരിൽ ശശികുമാർ ശ്രീനിവാസിന്‍റെ വീട്ടിലെത്തി. 75വർഷത്തോളം പഴക്കമുള്ളതാണ് ശ്രീനിവാസിന്‍റെ വീട്. വർഷങ്ങൾ പഴക്കമുള്ള വീട്ടിൽ നിധി ഒളിഞ്ഞിരിപ്പുണ്ടെന്ന് ശ്രീനിവാസിനെ വിശ്വസിപ്പിച്ചു. നിധി കണ്ടെത്തിയില്ലെങ്കിൽ ശ്രീനിവാസിനും കുടുംബത്തിനും ദോഷമാണെന്നും ഇയാൾ വിശ്വസിപ്പിച്ചു.
നിധി കണ്ടെത്താൻ സഹായിക്കാമെന്നേറ്റ ശശികുമാർ ശ്രീനിവാസിന്‍റെ കൈയിൽനിന്ന് 20,000 രൂപ കൈപ്പറ്റുകയും ചെയ്തു.
2020ലെ കോവിഡ് ലോക്ഡൗണിനെ തുടർന്ന് പൂജ നടത്താൻ ഇവർക്ക് സാധിച്ചിരുന്നില്ല. തുടർന്ന് രണ്ടുമാസം മുമ്പ് ശശികുമാർ ശ്രീനിവാസിന്‍റെ വീട് സന്ദർശിക്കുകയും പൂജക്കായി ഒരുക്കങ്ങൾ നടത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
ചടങ്ങുകൾ നടത്തുന്നതിനായി ശ്രീനിവാസിന്‍റെ വീട്ടിൽ ഒരു മുറി ശശികുമാർ തെരഞ്ഞെടുത്തു. പൂജ സമയത്ത് തന്‍റെ മുമ്പിൽ നഗ്നയായി ഒരു സ്ത്രീ ഇരിക്കുകയാണെങ്കിൽ നിധി തനിയെ ഉയർന്നുവരുമെന്ന് ശശികുമാർ പറഞ്ഞു. കൂടാതെ ശ്രീനിവാസിന്‍റെ കുടുംബത്തിൽനിന്നുള്ള ആളാകണമെന്നും ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന്, ചടങ്ങുകൾക്കായി ഒരു ദിവസവേതനക്കാരിയെ ശ്രീനിവാസ് കണ്ടെത്തി. 5000 രൂപ പ്രതിഫലം നൽകുകയും ചെയ്തു.
നിധി കണ്ടെത്തുന്നതിന് നരബലി നടത്താൻ യുവതിയുടെ നാലുവയസായ മകളെയും ഇവർ അവിടേക്ക് കൂട്ടിക്കൊണ്ടുവന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ഈ വിവരം പൊലീസ് സൂപ്രണ്ട് എസ്. ഗിരീഷ് നിഷേധിച്ചു.
വീട്ടിൽ അസ്വാഭാവികമായി എന്തൊക്കേയോ നടക്കുന്നുവെന്ന് പ്രദേശവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് െപാലീസെത്തി യുവതിയെയും കുട്ടിയെയും രക്ഷപ്പെടുത്തുകയും ശശികുമാർ അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.