പ്രിജേഷ് കൊലപാതകം; ഫോണിൽ വിളിച്ചത് കണ്ണൂരിലെ സുഹൃത്ത്, ആകെ ആറു പ്രതികൾ
text_fieldsതൃക്കരിപ്പൂർ: വയലോടിയിലെ മർണാടിയൻ പ്രിജേഷിന്റെ (32) കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണവും തെളിവെടുപ്പും പൊലീസ് ഊർജിതമാക്കി. പ്രതികളിൽനിന്ന് കണ്ടെടുത്ത യുവാവിന്റെ ഫോൺ വിശദ പരിശോധനക്ക് അയക്കും.
പൊലീസ് സൈബർ സെൽ നടത്തിയ പരിശോധനയിൽ പ്രിജേഷിന്റെ കണ്ണൂരിലെ സുഹൃത്താണ് അവസാനമായി വിളിച്ചതെന്ന് കണ്ടെത്തി. പത്തായക്കുന്ന് സ്വദേശിയായ ഇയാളെ വിളിപ്പിച്ച് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. തെയ്യവുമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചത്.
ഫോൺ വന്നതിന് ശേഷമാണ് പ്രിജേഷ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്നായിരുന്നു വീട്ടുകാരുടെ മൊഴി.
ഫോണിൽനിന്ന് പൊറോപ്പാട്ടെ വീട്ടിൽനിന്ന് പകർത്തിയ കുളിമുറി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപെട്ട സ്ത്രീ ബഹളം വെച്ചതോടെയാണ് യുവാക്കൾ ഓടിയെത്തിയത്. പ്രിജേഷിനെ മർദിച്ചുകൊന്ന കേസിൽ ആകെ ആറ് പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.
അതിനിടെ പ്രതികളായ ഒ.ടി. മുഹമ്മദ് ഷഹബാസ് (22), പി.കെ. മുഹമ്മദ് റഹ്നാസ് (23) എന്നിവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കൊല്ലപ്പെട്ട യുവാവിന്റെ ചെരിപ്പ്, മോതിരം, ഷർട്ട് എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പൊലീസ് തെരച്ചിൽ നടത്തി.
നിയമം കൈയിലെടുക്കരുത്- വെൽഫെയർ പാർട്ടി
തൃക്കരിപ്പൂർ: വ്യക്തികളും ആൾക്കൂട്ടങ്ങളും നിയമം കൈയിലെടുത്ത് ശിക്ഷ നടപ്പാക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയായി വിലയിരുത്തപ്പെടുമെന്ന് വെൽഫെയർ പാർട്ടി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം ചെയ്തികളെ വർഗീയ സാമുദായിക ദ്രുവീകരണത്തിന് ഉപയോഗിക്കുന്നത് കരുതിയിരിക്കണം. പ്രതികളിൽ ചിലരെ വേഗത്തിൽ പിടികൂടിയത് സ്വാഗതാർഹമാണ്. മുഴുവൻ പ്രതികളെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.
പ്രിജേഷ് വധം: അന്വേഷണം ഊർജിതമാക്കണം - സി.പി.എം
തൃക്കരിപ്പൂർ: പ്രിജേഷ് വധത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. ഒരു സംഭവത്തിന്റെ പേരിൽ യുവാവിനെ അടിച്ചുകൊലപ്പെടുത്തിയത് ഒരിക്കലും ന്യായീകരിക്കാനാവുന്നതല്ല.
മണിക്കൂറുകൾക്കകം രണ്ടുപ്രതികളെ പൊലീസ് പിടികൂടിയത് അന്വേഷണം നേർവഴിയലാണന്ന സൂചനയാണ്. പ്രതികൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതകൾ തടയണം. തെളിവ് നശിപ്പിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും സി.പി.എം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ് ചന്ദ്രൻ, ഏരിയ സെക്രട്ടറി ഇ. കുഞ്ഞിരാമൻ, ജില്ല കമ്മിറ്റിയംഗം കെ.വി. ജനാർദനൻ, എം.വി. ചന്ദ്രൻ, പി. കുഞ്ഞികണ്ണൻ, എം.കെ. കുഞ്ഞികൃഷ്ണൻ എന്നീ നേതാക്കൾ പ്രിജേഷിന്റെ വീട് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.