ചൈനീസ് ലോൺ, വാതുവെപ്പ് ആപ്പുകളുടെ 123 കോടി നിക്ഷേപം ഇ.ഡി മരവിപ്പിച്ചു; നടപടി കേരള, ഹരിയാന പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ
text_fieldsന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം മുംബൈ, ചെന്നൈ, കൊച്ചി ഉൾപ്പെടെ 10 സ്ഥലങ്ങളിൽ നടത്തിയ പരിശോധനക്ക് പിന്നാലെ ചൈനീസ് നിയന്ത്രിത ലോൺ, വാതുവെപ്പ് ആപ്പുകളുടെ 123 കോടി രൂപയുടെ ബാങ്ക് നിക്ഷേപം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചു. ഓൺലൈൻ ലോൺ, ചൂതാട്ടം, വാതുവെപ്പ് ആപ്പുകൾക്കെതിരെ ഉയർന്ന വ്യാപക പരാതികളിൽ കേരള, ഹരിയാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി നടപടി.
ഫെബ്രുവരി 23, 24 തീയതികളിലായി കൊച്ചിയിലെ റാഫേൽ ജെയിംസ് റൊസാരിയോ എന്നയാളുടെ വീട് ഉൾപ്പെടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ, കുറ്റാരോപിതരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും രേഖകൾ അടക്കമുള്ളവ ഇ.ഡി പിടിച്ചെടുത്തിരുന്നു.
മുംബൈയിലെ എന്‍.ഐ.യു.എം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കമ്പനിയുടെ മുംബൈയിലെ ഡയറക്ടര്‍മാരുടെ വീടുകള്‍, എക്‌സോഡ്‌സ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്ര ട്രേഡിങ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, ടിറനസ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ്, ഫ്യൂച്ചര്‍ വിഷന്‍ മീഡിയ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, അപ്രികിവി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മുംബൈ, ചെന്നൈ ആസ്ഥാനമായ കമ്പനികളിലാണ് റെയ്ഡ് നടന്നത്.
ഈ കമ്പനികള്‍ കേരളത്തിലെ വിവിധ ബാങ്കുകളില്‍ വ്യാജപേരുകളില്‍ അക്കൗണ്ട് തുടങ്ങി ആപ്പുകളിലൂടെ ലഭിക്കുന്ന പണം നിക്ഷേപിക്കുകയും പിന്നീട് കടലാസ് കമ്പനികളിലേക്ക് മാറ്റി ഇവിടെനിന്ന് ക്രിപ്‌റ്റോ കറന്‍സി, വ്യാജ സോഫ്റ്റ്‌വെയര്‍ ഇറക്കുമതി ഇന്‍വോയ്‌സ് എന്നിവയിലൂടെ വിദേശത്തെ ബാങ്കുകളിലേക്ക് കടത്തുകയാണ് ചെയ്തതെന്നും ഇ.ഡി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.