കട്ടപ്പനയിൽ നിരോധിത പുകയില ഉൽപന്നം പിടികൂടി
text_fieldsകട്ടപ്പന: വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗവും എക്‌സൈസും നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഓണാഘോഷത്തിന് മുന്നോടിയായി നഗരത്തിൽ ഇരുവിഭാഗത്തിെൻറയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചത്.
അന്തർസംസ്ഥാന തൊഴിലാളികളുടെ വരവോടെ മേഖലയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വൻതോതിൽ എത്തുന്നതായി പരാതി ഉയർന്നിരുന്നു. ഞായറാഴ്ചകളിൽ ഇവയുടെ വിൽപനയും കൈമാറ്റവും സജീവമാണ്. ഈ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് എക്‌സൈസ് വകുപ്പുമായി സഹകരിച്ച് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.
ഇടശ്ശേരി ജങ്ഷൻ, മാർക്കറ്റ്, കുന്തളംപാറ റോഡ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധനയിൽ അന്തർസംസ്ഥാന തൊഴിലാളികളിൽനിന്നടക്കം നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽനിന്നും നിരോധിത പ്ലാസ്റ്റിക്കുകളും ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.
നിരോധിത പുകയില ഉൽപന്നങ്ങൾ കട്ടപ്പനയിലേക്ക് എത്തുന്ന ഉറവിടം കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിെൻറ ഭാഗമായി വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം.
ഹെൽത്ത് ഇൻസ്‌പെക്ടർ അജിത് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡി. മേരി, അനുപ്രിയ, ജി.പി. സൗമ്യനാഥ്, നഗരസഭ ഉദ്യോഗസ്ഥരായ, ബിജു, ബിബിൻ, എക്സൈസ് ഇൻസ്‌പെക്ടർ സുരേഷ്, ഓഫിസർമാരായ മനോജ് സെബാസ്റ്റ്യൻ, സജിമോൻ തുണ്ടത്തിൽ, ഷിജു ദാമോദർ, സനൽ സാഗർ, ശ്രീകുമാർ, വിജയ കുമാർ, ജിൻസൺ, ഷീന തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.