പ്രവാചക വൈദ്യം: വ്യാജ കോഴ്സുകൾ നടത്തി കോടിയിലധികം രൂപ തട്ടി
text_fieldsകുന്ദമംഗലം: പ്രവാചകവൈദ്യം എന്ന പേരിൽ വ്യാജകോഴ്സുകൾ നടത്തി കോടിയിലധികം രൂപ തട്ടിയതായി പരാതി. കുന്ദമംഗലത്തെ ജാമിഅത്തു ത്വിബ്ബുന്നബി ട്രസ്റ്റിനെതിരെയാണ് പാരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. കാരന്തൂർ സ്വദേശി മുഹമ്മദ് ശാഫിയാണ് സ്ഥാപനമേധാവി. ട്രസ്റ്റിന് കീഴിൽ ഇന്റർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിൻ എന്ന പേരിൽ കുന്ദമംഗലം വയനാട് റോഡിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഈ സ്ഥാപനത്തിലാണ് വ്യാജ കോഴ്സുകൾ പഠിപ്പിക്കുന്നത്. 21 പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ജാമിഅത്തു ത്വിബ്ബുന്നബി ട്രസ്റ്റ് പ്രവാചക വൈദ്യത്തിന്റെ ആവശ്യകതയും പഠനത്തിനുള്ള ഓഫറുകളും സാധ്യതകളും നിയമാനുസൃത ചികിത്സ പരിശീലനവും നൽകുമെന്ന് വാഗ്ദാനം നൽകിയാണ് പലരെയും കബളിപ്പിച്ചത്. ലോകതലത്തിൽ പ്രവാചക വൈദ്യത്തിന്റെ പുനരുദ്ധാരണത്തിന് ഒരു ഓപൺ യൂനിവേഴ്സിറ്റി സ്ഥാപിക്കാൻ പോകുകയാണെന്നും പരാതിക്കാരോട് ഇയാൾ പറഞ്ഞിരുന്നു. സ്ഥാപിക്കാൻ പോകുന്ന യൂനിവേഴ്സിറ്റിയുടെ നടത്തിപ്പിനായി ‘ദി ട്രഡീഷനൽ പ്രൊഫറ്റിക് മെഡിസിൻ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ’ എന്ന ട്രസ്റ്റ് രൂപവത്കരിച്ചിരുന്നു.
സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് പ്രവാചകവൈദ്യ ചികിത്സ ചെയ്യാൻ അനുവാദവും വിധിയുമുണ്ടെന്ന് പറഞ്ഞ് പരാതിക്കാരെ കബളിപ്പിക്കുകയും വിധിപ്പകർപ്പ് പോലെ തോന്നിപ്പിക്കുന്ന വ്യാജകടലാസുകൾ കാണിക്കുകയും ചെയ്താണ് പലരിൽനിന്നും പണംതട്ടിയത്. പ്രവാചകവൈദ്യത്തിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഡിപ്ലോമ, ഡിഗ്രി, മാസ്റ്റർ ഡിഗ്രി, പിഎച്ച്.ഡി, എം.ഡി, ഡോക്ടറേറ്റ് തുടങ്ങിയ കോഴ്സുകൾ ഓഫർ ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. ഇയാൾ കൊടുത്ത നിരവധി സർട്ടിഫിക്കറ്റുകൾ ഒരു മൂല്യവും ഇല്ലാത്തതും വ്യാജവുമാണെന്ന് എറണാകുളം, മലപ്പുറം, കൊല്ലം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ തുടങ്ങി വിവിധ ജില്ലകളിൽ നിന്നുള്ള പരാതിക്കാർ പറഞ്ഞു.
വഞ്ചനകുറ്റം, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സ്ഥാപനത്തിനെതിരെ ചുമത്തിയത്. മുഹമ്മദ് ശാഫിക്കെതിരെ വേറെയും വിവിധ കേസുകളുണ്ടെന്ന് പരാതിക്കാർ പറഞ്ഞു. സ്ഥാപനവുമായി ബന്ധപ്പെട്ട 12 പേർക്കെതിരെയാണ് കേസ്. മൂന്ന് വർഷത്തെ കോഴ്സ് പൂർത്തിയാക്കിയ ആളുകൾക്ക് ഡോക്ടറേറ്റ് കിട്ടിയതിനുള്ള സർട്ടിഫിക്കറ്റാണ് കൊടുത്തത്. ഇതിന് ഓരോരുത്തരിൽനിന്നും ലക്ഷങ്ങൾ വാങ്ങും. ഇല്ലാത്ത യൂനിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റാണ് നൽകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശ്രീകുമാർ പറഞ്ഞു.
ഞായറാഴ്ച നടന്ന പരിശോധനയിൽ സ്ഥാപനത്തിൽനിന്ന് നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ലഭിച്ചെന്നും പ്രതി ഒളിവിലാണെന്നും എസ്.എച്ച്.ഒ എസ്. ശ്രീകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇങ്ങനെ വ്യാജ കോഴ്സ് നടത്തുന്നതറിഞ്ഞ യു.ജി.സി ഇവരോട് അത് നിർത്താൻ ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ 9 മുതൽ വൈകുന്നേരംവരെ പൊലീസ് കുന്ദമംഗലത്തെ സ്ഥാപനത്തിൽ പരിശോധന നടത്തി. എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അബ്ദുൽ റഹ്മാൻ, അഭിലാഷ്, എസ്.സി.പി.ഒ പ്രമോദ്, സി.പി.ഒ ലിബിൻ എന്നിവരാണ് പരിശോധകസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.