പി.എസ്.സി പരീക്ഷ തട്ടിപ്പ്; ആദ്യ കേസിന്‍റെ വിചാരണ പൂർത്തിയായി
text_fieldsകൊല്ലം: 2010ൽ നടന്ന പി.എസ്.സി പരീക്ഷ തട്ടിപ്പിലെ ആദ്യ കേസിന്‍റെ വിചാരണ പൂർത്തിയായി. അന്തിമവാദം 23ന് നടക്കും. 2010 ഒക്ടോബർ 12ന് പി.എസ്.സി നടത്തിയ സബ് ഇൻസ്‌പെക്ടർ പരീക്ഷക്കിടെ കൊല്ലം ക്രേവൺ സ്കൂളിലെ കേന്ദ്രത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.
മലപ്പുറം എ.ആർ ക്യാമ്പിൽ പൊലീസുകാരനായിരുന്ന ചവറ മടപ്പള്ളി വാറുവിള വീട്ടിൽ ബൈജു പരീക്ഷ ഹാളിൽ മൊബൈൽ ഫോൺ ഇടത് ഷോൾഡറിൽ പ്ലാസ്റ്റർ ഒട്ടിച്ച് വെച്ചശേഷം ഉറക്കെ ചോദ്യം വായിച്ചു. പരീക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥ പരിശോധന നടത്തി തട്ടിപ്പ് കണ്ടെത്തി.
മൊബൈൽ ഫോൺ വഴി പുറത്തുണ്ടായിരുന്ന രണ്ടാം പ്രതി മലപ്പുറം വേങ്ങര ഹൈസ്കൂളിൽ എൽ.ഡി ക്ലാർക്കായിരുന്ന കൊല്ലം കോയിവിള ചുണ്ടൻ അയ്യത്ത് വീട്ടിൽ ദിലീപ് ചന്ദ്രനിൽ നിന്ന് ഉത്തരങ്ങൾ മൊബൈലിലൂടെ സ്വീകരിച്ച് ഒന്നാം പ്രതി പരീക്ഷ എഴുതിയെന്നാണ് കേസ്.
തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും പരീക്ഷ നടത്തിയതിലൂടെ പി.എസ്.സിക്ക് 1,30,609 രൂപ നഷ്ടമുണ്ടായി. പി.എസ്.സിയുടെ വിശ്വാസ്യതക്ക് കോട്ടമുണ്ടാക്കിയ സംഭവത്തിൽ നിലവിൽ തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ എസ്.പി ആയ ബി. കൃഷ്ണകുമാറാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പ്രസൂൻ മോഹന്‍റെ മുമ്പാകെ നടന്ന വിചാരണയിൽ പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിച്ചു. 56 രേഖകളും നാല് തൊണ്ടിമുതലും തെളിവിൽ സ്വീകരിച്ചു. വിചാരണ പൂർത്തിയായതിനെ തുടർന്ന് കേസ് അന്തിമ വാദം കേൾക്കാൻ 23ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.