പുൽപള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: കെ.കെ. അബ്രഹാം റിമാൻഡിൽ
text_fieldsസുൽത്താൻ ബത്തേരി: പുൽപള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാമിനെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ 10 ഓടെയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ബുധനാഴ്ച രാവിലെ കസ്റ്റഡിയിൽ എടുത്ത അബ്രഹാമിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് രാത്രി 11 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഡാനിയേല്‍ എന്നയാള്‍ പുല്‍പള്ളി പൊലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റും തുടർ നടപടികളും.
ബുധനാഴ്ച അറസ്റ്റിലായ കേസിലെ മറ്റൊരു പ്രതി ബാങ്ക് മുൻ സെക്രട്ടറി രമാദേവി റിമാൻഡിലാണ്. വായ്പ തട്ടിപ്പിനിരയായ കർഷകൻ രാജേന്ദ്രൻ നായർ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തതിനെ തുടർന്ന് വ്യാപകമായ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി.
കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കെ.കെ. അബ്രഹാം
സുൽത്താൻ ബത്തേരി: കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നതിന്റെ ഭാഗമാണ് കേസെന്നും കെ.കെ. അബ്രഹാം കോടതിക്ക് പുറത്തുനിന്നു മാധ്യമങ്ങളോട് പറഞ്ഞു. രാജേന്ദ്രൻ നായരുടെ മരണത്തിൽ നിഷ്പക്ഷമായി അന്വേഷണം നടത്തണം. വയനാട്ടിലെ രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് സമ്പാദ്യത്തെ കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണം. ശാരീരിക അസ്വാസ്ഥ്യമുള്ള തന്നെ പൊലീസ് ബലം പ്രയോഗിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കൊണ്ടുവന്നതെന്നും അബ്രഹാം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.