സാമ്പത്തിക തർക്കം; സഹപ്രവർത്തകയെ കുത്തികൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
text_fieldsമുംബൈ: പൂനെയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരന്‍ സഹപ്രവര്‍ത്തകയെ പാര്‍ക്കിങ് സ്ഥലത്തുവച്ച് കുത്തിക്കൊലപ്പെടുത്തി. ശുഭദ കോദാരെ(28) ആണ് മരിച്ചത്. കൃഷ്ണ കനോജ (30) ആണ് യുവതിയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കൃഷ്ണ കനോജ യുവതിയെ ആക്രമിക്കുന്നത് കണ്ടിട്ടും ഒരാളും സംഭവത്തിൽ ഇടപെട്ടില്ല.
യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഓഫീസിലെ മറ്റുള്ളവര്‍ നോക്കിനില്‍ക്കെയാണ് കൃഷ്ണ കനോജ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. മറ്റുള്ളവര്‍ കാഴ്ചക്കാരായി നില്‍ക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. യുവതി രക്തം വാര്‍ന്ന് നിലത്തുവീണ് പിടയുമ്പോഴും ആരും യുവാവിനെ പിടികൂടാനോ, തടയാനോ എത്തിയില്ല. കത്തി ഉപേക്ഷിച്ച ശേഷമാണ് കണ്ടുനിന്നവർ കൃഷ്ണ കനോജയെ പിടികൂടിയത്. രക്തംവാര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി സുഭദ മരണപ്പെടുകയായിരുന്നു.
സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ നേരത്തെ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ശുഭദ അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സാവശ്യം പല തവണ കൃഷ്ണ കനോജയിൽ നിന്നും പണം കടം വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ അച്ഛന്റെ അസുഖം പറഞ്ഞ് ഒഴിഞ്ഞുമാറി. തുടര്‍ന്ന് അച്ഛന്റെ അസുഖവിവരം അറിയാനായി കൃഷ്ണ കനോജ യുവതിയുടെ നാട്ടിലേക്ക് പോയി. അപ്പോഴാണ് അച്ഛന് യാതൊരു അസുഖമില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും കണ്ടെത്തി. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകീട്ട് യുവതിയെ ഓഫീസിന്റെ പാര്‍ക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.