സനൽ മാതാപിതാക്കളെ അറുകൊല ചെയ്ത സംഭവം ഓരോന്നായി വിവരിച്ചു...അമ്മയുടെ മൃതദേഹത്തിനരികിൽ ഇരുന്ന് ആപ്പിൾ കഴിച്ചു...
text_fieldsപുതുപ്പരിയാരം: പുതുപ്പരിയാരം ഇരട്ടക്കൊല കേസിൽ തെളിവെടുപ്പ് നടത്തി. പുതുപ്പരിയാരം ഓട്ടൂർക്കാട് പ്രതീക്ഷ നഗറിൽ ചന്ദ്രനും (60) ഭാര്യ ദേവിയും (50) കൊല്ലപ്പെട്ട കേസിൽ പ്രതിയായ മകൻ സനലിനെ (28) ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് വീട്ടിലെത്തിച്ചത്. ഭാവമാറ്റങ്ങളില്ലാതെ സനൽ മാതാപിതാക്കളെ അറുകൊല ചെയ്ത സംഭവം ഓരോന്നായി വിവരിച്ചു കുറ്റം സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ച വെളിപ്പെടുത്തലുകളായിരുന്നു സനലിന്റേത്.
വെട്ടാൻ ഉപയോഗിച്ച അരിവാളും കൊടുവാളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. കൊടുവാളിൽ അമ്മയുടെ മുടി പറ്റിപ്പിടിച്ച നിലയിലും കണ്ടെത്തി. സംഭവം നടക്കുമ്പോൾ ധരിച്ച ടീ ഷർട്ടും രക്തക്കറ പുരണ്ട തുണിയും പൊലീസ് ശേഖരിച്ചു. അടുക്കളയിൽനിന്ന് വെള്ളമെടുക്കാൻ സനലിനോട് പറഞ്ഞതിൽ പ്രകോപിതനായാണ് അമ്മയെ ആദ്യം വെട്ടിയത്. വെട്ടിയ സമയത്ത് അമ്മ വീണു. മുറിയിലെ തളം കെട്ടിയ രക്തത്തിൽ ചവിട്ടി സനലും വീണതായി പ്രതി മൊഴി നൽകി. അമ്മയുടെ കരച്ചിൽ കേട്ടതോടെ പിതാവ് ചന്ദ്രൻ മകനോട് ദേഷ്യപ്പെട്ടു. അതാണ് വീണ് നട്ടെല്ലിന് പരിക്കേറ്റു കിടക്കുന്ന പിതാവിനെയും വെട്ടാൻ പ്രേരിപ്പിച്ചതെന്ന് സനൽ മൊഴി നൽകി. ദേവിയുടെ ദേഹത്തിൽ 33 തവണയും ചന്ദ്രന്റെ ശരീരത്തിൽ 26 പ്രാവശ്യവും വെട്ടി. കീടനാശിനി നിറച്ച സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ് നടത്താനും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വെട്ടിയ മുറിവുകളിലും ഇരുവരുടെ വായിലും ഫ്യുറഡാൻ കീടനാശിനി ഒഴിച്ചു. ചന്ദ്രൻ കിടന്ന മുറിയിൽ വെച്ചാണ് കൈകളിലെയും ദേഹത്തിലെയും രക്തക്കറ സനൽ കഴുകിക്കളഞ്ഞത്. അമ്മയുടെ മൃതദേഹത്തിനരികിൽ ഇരുന്ന് ആപ്പിൾ കഴിച്ചു. ശേഷം വസ്ത്രം മാറി നടന്നാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെത്തി ബംഗളൂരുവിലേക്ക് തീവണ്ടി കയറിയത്. സഹോദരനെക്കൊണ്ട് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതിയെ പിടികൂടിയത്. ഹേമാംബിക നഗർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
പാലക്കാട് ജില്ല ആശുപത്രിയിൽ വൈദ്യ പരിശോധനക്കു ശേഷം പ്രതിയെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജറാക്കി ആലത്തൂർ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. ആലത്തൂർ ഡിവൈ.എസ്.പി ദേവസ്യ, മലമ്പുഴ സി.ഐ സുനിൽ കൃഷ്ണ എന്നിവരടങ്ങിയ പൊലീസ് സംഘം തെളിവെടുപ്പിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.