പാട്ട് വെച്ചത് ചോദ്യം ചെയ്തു; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു
text_fieldsകളമശ്ശേരി: ആരാധനാലയത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു. ഏലൂർ പാതാളം സാൾട്ട് ആൻഡ് പെപ്പർ ഹോട്ടലിലെ ജീവനക്കാരൻ കൊല്ലം മൈനാഗപ്പിള്ളി മുഹ്സിന മൻസിലിൽ മുജീബ് റഹ്മാനാണ് (46) വെട്ടേറ്റത്.
പുലർച്ച അഞ്ചരയോടെയാണ് സംഭവം. ഹോട്ടലിന് സമീപം കപ്പേളയിൽ ഹോട്ടൽ ഉടമ വിളക്ക് തെളിയിക്കുകയും പാട്ട് വെക്കുകയും ചെയ്ത് ഹോട്ടലിലേക്ക് മടങ്ങി. ഈ സമയം പാട്ട് നിർത്തണമെന്നാവശ്യപ്പെട്ട് ഒരാൾ ഹോട്ടലിൽ എത്തി. തുടർന്ന് ഇരുവരും തർക്കത്തിലായി. ഇതിനിടെ വന്നയാൾ കൈയിലെ ബാഗിൽ കരുതിയ വാക്കത്തിയെടുത്ത് ഹോട്ടൽ ഉടമക്ക്നേരെ വീശി. ബഹളംകേട്ട് ഹോട്ടൽ ജീവനക്കാരൻ മുജീബ് റഹ്മാനെത്തി തടയാൻ ശ്രമിച്ചു.
ഈ സമയം ജീവനക്കാരന് നേരെയും ഇയാൾ വാക്കത്തി വീശി. ഒഴിഞ്ഞു മാറുന്നതിനിടെ ജീവനക്കാരന്റെ മുതുകിന് വെട്ടേൽക്കുകയായിരുന്നു. ഉടനെ ഹോട്ടൽ ഉടമ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അക്രമിയിൽനിന്നും വാക്കത്തി പിടിച്ചു വാങ്ങുകയും പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
സംഭവത്തിൽ അക്രമിയിൽ നിന്നും ആയുധം പിടിച്ചെടുത്ത ഏലൂർ പൊലീസ് പ്രതിയെ പിടികൂടിയില്ല. അലുപുരത്തെ സ്വകാര്യ കമ്പനി ജീവനക്കാരനാണ് അക്രമിയെന്നാണ് ഹോട്ടൽ ഉടമ അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.