മെഡിക്കൽകോളജിൽ റാഗിങ്: രണ്ട് പി.ജി വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു
text_fieldsകോഴിക്കോട്: മെഡിക്കൽകോളജിൽ റാഗിങ് പരാതിയിൽ രണ്ട് പി.ജി വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. അസ്ഥിരോഗ വിഭാഗം ഒന്നാം വർഷ പി.ജി വിദ്യാർഥി ഡോ. ജിതിൻ ജോസ് നൽകിയ പരാതിയിൽ രണ്ടാം വർഷ വിദ്യാർഥികളായ ഡോ. ജെ. എച്ച് മുഹമ്മദ് സാജിദ്, ഡോ.ഹരിഹരൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. മാനസിക സമ്മർദം താങ്ങാനാവുന്നില്ലെന്ന് കാണിച്ച് ഡോ. ജിതിൻ കോഴ്സ് നിർത്തി മറ്റൊരു കോഴ്സ് തെരഞ്ഞെടുക്കുകയാണെന്ന് കോളജ് അധികൃതരെ അറിയിച്ചു.
ഉറക്കമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നുവെന്ന് ജിതിൻ പരാതിപ്പെട്ടതിനെ തുടർന്ന് ആന്‍റി റാഗിങ് സ്ക്വാഡ് രൂപവൽകരിക്കുകയും ജിതിന് മാനസിക സമ്മർദമുണ്ടാകുന്ന തരത്തിൽ ജോലി നൽകിയ രണ്ട് മുതിർന്ന വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. ആറുമാസത്തേക്കാണ് സസ്പെൻഷൻ.
അതേസമയം, കോവിഡ് തുടങ്ങിയതുമുതൽ ഊണും ഉറക്കവുമില്ലാതെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പി.ജി ഡോക്ടർമാർ ജോലി ചെയ്യുന്നതെന്ന് പറയുന്നു. ഫാക്കൽറ്റികളും പി.ജി വിദ്യാർഥി ആവശ്യത്തിനു പോലുമില്ലാത്ത അവസ്ഥയാണ് മെഡിക്കൽ കോളജിലുള്ളത്. രോഗികളുടെ എണ്ണം വളരെ കൂടുതലും. പുതുതായി വന്ന വിദ്യാർഥിക്ക് ഈ സമ്മർദം താങ്ങാനാവാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. കൂടുതൽ ഫാക്കൽറ്റികളും പി.ജി സീറ്റുകളും അനുവദിച്ച് ജോലി ഭാരം കുറക്കുകയാണ് വേണ്ടതെന്നാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.