കശ്മീരി വിദ്യാർഥിക്ക് റാഗിങ്; അഞ്ചു എം.ബി.ബി.എസ് വിദ്യാർഥികൾ അറസ്റ്റിൽ
text_fieldsബംഗളൂരു: കശ്മീർ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ അഞ്ചു സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ.
വടക്കൻ കർണാടകയിലെ വിജയപുര അതാനി റോഡിലെ അൽ അമീൻ മെഡിക്കൽ കോളജിൽ ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥി കശ്മീർ അനന്തനാഗ് സ്വദേശിയായ ഹമീം റാഗിങ്ങിനിരയായ സംഭവത്തിൽ അവസാന വർഷ വിദ്യാർഥികളായ മുഹമ്മദ് കൈസർ (23), സമീർ തടപദ്രി (24), മൻസൂർ ബാഷ (24), ഷെയ്ഖ് ദാവൂദ് (23), മുഹമ്മദ് ജാംദാർ (23) എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 155 (2), 329 (4), 352, 351 (2), 189 (2), 190 വകുപ്പുകൾ പ്രകാരം കേസെടുത്തു.
ചൊവ്വാഴ്ച കോളജിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ സീനിയേഴ്സും ജൂനിയേഴ്സും തമ്മിൽ നടന്ന വഴക്കിനെ തുടർന്നാണ് റാഗിങ് നടന്നതെന്നാണ് വിവരം. അന്നു രാത്രി, പ്രതികൾ ഹമീമിന്റെ ഹോസ്റ്റൽ മുറിയിൽ കയറി നൃത്തം ചെയ്യാനും പാട്ടുപാടാനും നിർബന്ധിച്ചെന്നും എതിർത്തപ്പോൾ മർദിച്ചെന്നുമാണ് പരാതി. വിദ്യാർഥി ഇതേക്കുറിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിടുകയും പ്രധാനമന്ത്രി, കശ്മീർ മുഖ്യമന്ത്രി, കർണാടക മുഖ്യമന്ത്രി, കർണാടക ഉപമുഖ്യമന്ത്രി എന്നിവരെ ടാഗ് ചെയ്യുകയും ചെയ്തു.
ഇതോടെ വിജയപുര റൂറൽ പൊലീസ് സംഭവത്തിൽ വേഗത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു. കോളജിലെത്തി പ്രാഥമികാന്വേഷണം നടത്തിയ പൊലീസ്, മെഡിക്കൽ സൂപ്രണ്ട്, പ്രിൻസിപ്പൽ, വിദ്യാർഥികൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തി.
അതേസമയം, വിദ്യാർഥിക്ക് പരിക്കൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും വിജയപുര ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് മുഹ്സിന് ഇതു സംബന്ധിച്ച് റിപ്പോർട്ട് കൈമാറി. റാഗിങ് ആരോപണം കോളജ് ഡീനും പ്രിൻസിപ്പലുമായ ഡോ. ജീലാനി എ. അവതി നിഷേധിച്ചു. 40 വർഷം പഴക്കമുള്ള സ്ഥാപനമാണിത്. കോളജിലെ അച്ചടക്കസമിതി അന്വേഷണം നടത്തുന്നുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എല്ലാ വിദ്യാർഥികൾക്കും കാമ്പസിൽ തുല്യ പരിഗണനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.