മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ പുരോഹിതനെ പൊലീസ് സ്റ്റേഷനിൽ കയറി മർദിച്ചു
text_fieldsഭോപാൽ: റായ്പൂരിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ പുരോഹിതനെ ആൾക്കൂട്ടം െപാലീസ് സ്റ്റേഷനുള്ളിൽ കയറി മർദിച്ചു. പ്രതിഷേധവുമായി സ്റ്റേഷനിലെത്തിയ വലതുപക്ഷ ഹിന്ദുത്വ പ്രവർത്തകരും പുരോഹിതനെ അനുഗമിച്ച് സ്റ്റേഷനിലെത്തിയവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു മർദനം.
റായ്പൂരില പുരാനി ബസ്തി പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഭട്ടഗാവ് പ്രദേശത്ത് പുരോഹിതെന്റ നേതൃത്വത്തിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് പുരോഹിതനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ പുരോഹിതൻ സ്റ്റേഷനിലെത്തുന്നതിന് മുമ്പ് പ്രതിഷേധവുമായി ഇവർ സ്റ്റേഷനിലെത്തി. ഇതിന് പിന്നാലെ പുരോഹിതനും അനുയായികളും സ്റ്റേഷനിലെത്തിയതോടെ ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു.
തർക്കം രൂക്ഷമായതോടെ പുരോഹിതനെ സ്റ്റേഷനിലെ മറ്റൊരു മുറിയിലേക്ക് മാറ്റി. എന്നാൽ, അക്രമികൾ അവിടെയെത്തി പുരോഹിതനെ ക്രൂരമായി മർദിക്കുകയായിരുന്നു. ചെരിപ്പും ഷൂവും ഉപയോഗിച്ച് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഔദ്യോഗികമായി പരാതി ലഭിച്ചില്ലെങ്കിലും പൊലീസ് സ്റ്റേഷനിലെ അക്രമസംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഏഴുപേർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. 'അക്രമവുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും ലഭിച്ചിട്ടില്ല. ഇരു സംഘങ്ങളും തമ്മിലുണ്ടായ തർക്കത്തിൽ പൊലീസ് സ്റ്റേഷനിൽ മറ്റു നാശനഷ്ടങ്ങളുമില്ല. മതപരിവർത്തനം സംബന്ധിച്ച പരാതി ലഭിച്ചിരുന്നു. ഇൗ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കും' -അഡീഷനൽ സൂപ്രണ്ട് തരകേശ്വർ പേട്ടൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.