നൂറുകോടിക്ക് രാജ്യസഭ സീറ്റും ഗവർണർ പദവിയും; നാലുപേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: നൂറു കോടി നൽകിയാൽ രാജ്യസഭ സീറ്റും ഗവർണർ പദവിയും ഉൾപ്പെടെ നൽകാമെന്ന് വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തിലെ നാലുപേരെ സി.ബി.ഐ അറസ്റ്റ്ചെയ്തു. പരിശോധനക്കെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച് ഒരു പ്രതി രക്ഷപ്പെട്ടു.
മഹാരാഷ്ട്രയിലെ കമലാകർ പ്രേംകുമാർ ഭന്ദ്ഗർ, കർണാടക സ്വദേശി രവീന്ദ്ര വിത്തൽ നായിക്, ഡൽഹിയിലെ മഹേന്ദ്രപാൽ അറോറ, അഭിഷേക് ഭൂര എന്നിവരാണ് അറസ്റ്റിലായത്. സി.ബി.ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ട മുഹമ്മദ് ഐജാസ് ഖാനെതിരെ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി, യു.പി, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായ നാലു പേർക്കും സി.ബി.ഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു.
മുതിർന്ന സി.ബി.ഐ ഓഫിസറെന്ന് നടിച്ച് ഭന്ദ്ഗറാണ് തട്ടിപ്പിന് കളമൊരുക്കിയത്. പണം തന്നാൽ തന്റെ ഉന്നത സ്വാധീനം ഉപയോഗിച്ച് ഏതു കാര്യവും നടത്തിത്തരാമെന്ന് ഇയാൾ മറ്റു പ്രതികളോട് പറയുകയായിരുന്നു. തുടർന്ന് ഇവർ ഇടനിലക്കാരായി തട്ടിപ്പിന് ശ്രമിക്കുകയായിരുന്നു.
കേന്ദ്ര മന്ത്രാലയങ്ങൾക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ ചെയർമാൻ പദവിയും ഇവർ വാഗ്ദാനം ചെയ്തിരുന്നു. സി.ബി.ഐ ഓഫിസറാണെന്ന് പറഞ്ഞ് ഭന്ദ്ഗർ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേസുകളിലെ അന്വേഷണത്തിൽ സ്വാധീനം ചെലുത്തിയതായും സി.ബി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.