രാമനാട്ടുകര അപകടം; സ്വർണക്കടത്ത് കേസിന് ആറുമാസം, എങ്ങുമെത്താതെ അന്വേഷണം
text_fieldsമലപ്പുറം: രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് പുറത്തുവന്ന സ്വർണക്കടത്ത് കേസിൽ എങ്ങുമെത്താതെ അന്വേഷണം. തുടക്കത്തിൽ കാര്യക്ഷമമായി മുന്നോട്ടുപോയ അന്വേഷണമാണ് പിന്നീട് നിലച്ചത്. ജൂൺ 21ന് പുലർച്ച രാമനാട്ടുകര ബൈപാസ് ജങ്ഷന് സമീപം പുളിഞ്ചോട്ടിലുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശികളായ അഞ്ചുപേർ മരിച്ചിരുന്നു.
തലേന്ന് രാത്രി കോഴിക്കോട് വിമാനത്താവളത്തിൽ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് മേലേതിലിൽനിന്ന് 1.11 കോടിയുടെ സ്വർണം പിടികൂടിയിരുന്നു. ഇൗ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘം രാമനാട്ടുകരയിൽ വാഹനാപകടത്തിൽപെട്ടതോടെയാണ് സംഭവം വിവാദമായത്. തുടരന്വേഷണം കൊച്ചി കസ്റ്റംസ് പ്രിവൻറിവ് യൂനിറ്റ് ഏറ്റെടുത്തു. സംഭവദിവസം വിമാനത്താവളത്തിലെത്തിയ രണ്ട് സംഘങ്ങളിൽ ഒരുവിഭാഗം സ്വർണം വാങ്ങാനും എതിർവിഭാഗം കവർച്ച നടത്താനുമാണ് എത്തിയെതന്നായിരുന്നു അന്വേഷണ സംഘം തുടക്കത്തിൽ വ്യക്തമാക്കിയത്. തുടർന്ന് കസ്റ്റംസ് കമീഷണർ സുമിത് കുമാർ നേരിട്ടുള്ള മേൽനോട്ടത്തിൽ നാലംഗസംഘത്തിനെ ചുമതലപ്പെടുത്തി.
തുടക്കത്തിൽ അന്വേഷണം ഉൗർജിതമായി മുന്നോട്ടുപോയെങ്കിലും പിന്നീട് കാര്യമായ നടപടിയൊന്നുമുണ്ടായില്ല. സംഭവത്തിൽ അർജുൻ ആയങ്കി ഉൾപ്പെടെ മൂന്നുപേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇവർക്കെല്ലാം പിന്നീട് ജാമ്യവും കിട്ടി. കണ്ണൂർ സ്വർണക്കടത്ത് സംഘവുമായി ബന്ധപ്പെട്ടാണ് അന്വേഷണം മുന്നോട്ടുപോയിരുന്നത്. സംഭവത്തിൽ ടി.പി. വധക്കേസിലെ കുറ്റവാളി മുഹമ്മദ് ഷാഫി, കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലേങ്കരി, അർജുൻ തില്ലേങ്കരിയുടെ ഭാര്യ എന്നിവരെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ കമീഷണർ ആഗസ്റ്റിൽ സ്ഥലം മാറിയതോടെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. വാഹനാപകടവുമായി ബന്ധപ്പെട്ട് കരിപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊണ്ടോട്ടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം അന്വേഷിച്ചിരുന്നു. സംഭവത്തിൽ 60ഒാളം പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ ഭൂരിഭാഗം പേർക്കും ജാമ്യം കിട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.