രഞ്ജിത് ശ്രീനിവാസൻ വധം: സാക്ഷി വിസ്താരം ജനുവരി 16 മുതൽ
text_fieldsമാവേലിക്കര: രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ സാക്ഷി വിസ്താരം ജനുവരി 16ന് തുടങ്ങും. കേസിലെ പ്രതികൾക്കെതിരായ കുറ്റപത്രം കോടതിയിൽ വായിച്ചു കേൾപ്പിച്ചു. വയലാറിൽ നന്ദുകൃഷ്ണ എന്ന ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് തിരിച്ച് ആക്രമണമുണ്ടാകുമെന്നും തുടർന്ന് കൊലചെയ്യേണ്ടവരുടെ ലിസ്റ്റ് പോപുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ ഉൾപ്പെടെയുള്ളവർ ചേർന്ന് ഗൂഢാലോചന നടത്തി തയാറാക്കിയെന്നുമാണ് കുറ്റപത്രം.
ഡിസംബർ 18ന് രാത്രി ഒന്നുമുതൽ 12 വരെ പ്രതികൾ വാഹനങ്ങളിൽ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത് ശ്രീനിവാസന്‍റെ വീടിന് സമീപമെത്തി. വീട്ടിലേക്ക് ഒന്നു മുതൽ എട്ടുവരെ പ്രതികൾ അതിക്രമിച്ച് കയറി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചുവെന്നും തടയാൻ ശ്രമിച്ച അമ്മയെയും ഭാര്യയെയും ആക്രമിച്ചുവെന്നും തുടർന്ന് വീട്ടുമുറ്റത്തുണ്ടായിരുന്ന കാറും ബൈക്കും ആക്രമിച്ചു തകർത്തെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രതികൾ സംഭവ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും കത്തിച്ചുകളയാൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. അഡ്വ. പ്രതാപ് ജി. പടിക്കലാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.
പ്രഥമ വിവരമൊഴി നൽകിയ രഞ്ജിത്തിന്‍റെ അമ്മ വിനോദിനിയെയാണ് ആദ്യം വിസ്തരിക്കുക. തുടർന്ന് ഭാര്യ ലിഷ, മകൾ, സഹോദരൻ അടക്കമുള്ള സാക്ഷികളെ വിസ്തരിക്കും. ആദ്യ ഘട്ടത്തിൽ 178 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.