പീഡനം; വെൽനെസ് കേന്ദ്രം ഉടമ അറസ്റ്റിൽ
text_fieldsപയ്യന്നൂർ: ഫിസിയോതെറപ്പി ചെയ്യാനെത്തിയ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ സ്ഥാപന ഉടമ അറസ്റ്റിൽ. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനുസമീപത്തെ ആരോഗ്യ വെൽനെസ് ക്ലിനിക് -ജിം ഉടമ ശരത് നമ്പ്യാർ (42) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയോടെ ഫിസിയോതെറപ്പി ചെയ്യാനെത്തിയ യുവതിയാണ് പീഡനത്തിനിരയായത്. ചികിത്സക്കിടെ മുറി അകത്തുനിന്ന് പൂട്ടിയശേഷമാണ് പീഡിപ്പിച്ചതെന്ന് യുവതി പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ശരത് നമ്പ്യാർക്കെതിരെ കേസെടുത്ത പൊലീസ് തിങ്കളാഴ്ച രാത്രിയോടെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡു ചെയ്തു.
പ്രതിയുടെ സ്ഥാപനം അടിച്ചുതകർത്തു; അഞ്ചുപേർ അറസ്റ്റിൽ
പയ്യന്നൂർ: ലൈംഗിക പീഡനക്കേസിൽ പയ്യന്നൂരിൽ അറസ്റ്റിലായ പ്രതിയുടെ സ്ഥാപനം അടിച്ചു തകർത്തു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പഴയ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ആരോഗ്യ വെൽനെസ് ക്ലിനിക്, ഫിറ്റ്നസ് ആൻഡ് ജിം എന്ന സ്ഥാപനം ഒരു സംഘമാളുകൾ അടിച്ചു തകർത്തത്. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയായിരുന്നു ആക്രമണം.
സംഘടിച്ചെത്തിയ സംഘം സ്ഥാപനവും അകത്തെ വിലപിടിപ്പുള്ള ഉപകരണങ്ങളും ഉൾപ്പെടെ പൂർണമായും അടിച്ചു തകർക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളിൽ ചിലരെ ഓടിച്ചിട്ട് പിടികൂടി. കണ്ടോത്ത് സ്വദേശികളായ കബിൽ, ശ്യാം, ലിഗിൻ, അഖിൽ, ഷാനു എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
പയ്യന്നൂർ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മുമ്പ് രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമായും സ്ഥാപനം അടിച്ചു തകർത്തിരുന്നു.
പ്രതിക്ക് ഫിസിയോതെറപ്പി ചികിത്സ നടത്താൻ യോഗ്യതയില്ല
പയ്യന്നൂർ: ആരോഗ്യ വെൽനെസ് ക്ലിനിക്, ഫിറ്റ്നസ് ആൻഡ് ജിം എന്ന സ്ഥാപനത്തിന്റെ ഉടമ ശരത് നമ്പ്യാർക്ക് ഫിസിയോതെറപ്പി ചികിത്സ നടത്താനുള്ള യോഗ്യതയില്ലെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറപ്പിറ്റ്സ് കണ്ണൂർ ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാധ്യമ വാർത്തകളിൽ പ്രതി ഫിസിയോതെറപ്പിസ്റ്റ് ആണെന്നു പറഞ്ഞിരുന്നു. ഇത് വാസ്തവ വിരുദ്ധമാണ്.
ദേശീയ അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ മാനദണ്ഡപ്രകാരമുള്ള യോഗ്യത പ്രതിക്കില്ല. രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് പലപ്പോഴും ഐ.എ.പി നൽകിയ പരാതികൾ പ്രതി ഒതുക്കിത്തീർക്കുകയായിരുന്നു.വാർത്തസമ്മേളനത്തിൽ റെജിൽ മൂകായി, അനീസ് മുഹമ്മദ്, മുസഫർ മുഹമ്മദ്, സുബീഷ്, എ.വി. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.